2009 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

മയില്‍പ്പീലികള്‍

ചാറ്റല്‍മഴ പെയ്യുമൊരു മൂവന്തി നേരം
മുറ്റത്ത്‌ കുട്ടികളോടിക്കളിക്കവേ,
ഉമ്മറക്കോലായിലൊറ്റക്കിരിന്നു ഞാന്‍
ഓര്‍ത്തു പോവുന്നെന്‍റെ ബാല്യകാലത്തെയും..!
പനിനീര്‍ തളിച്ചിടും മഴയിലെന്‍ മേലാകെ
നനയവേ കുസൃതികള്‍ കാണിച്ച നാളുകള്‍
ചേമ്പിലക്കുട ചൂടി കടലാസ് തോണികള്‍
തോട്ടിലൊഴുക്കി കളിച്ചതോര്‍മ്മിക്കവേ,
ഇന്നലെയാണെന്ന തോന്നലുണ്ടാവുന്നു
പിന്നിട്ടു പോയിട്ടുമെത്രയോ വര്‍ഷങ്ങള്‍..!
കൂട്ടുകാരൊത്തന്ന് പാടവരമ്പത്ത്
മാനത്തുകണ്ണിയെ നോക്കി നടന്നതും,
ഓര്‍മ്മതന്‍ പെരുമഴ പെയ്യും മനസ്സിലെ
കുളിരായി മാറുന്നതിപ്പോഴും ചിന്തയില്‍..!
കളിക്കൂട്ടുകാരിയ്ക്ക് നല്‍കുവാന്‍ പുസ്തക
താളിലൊളിപ്പിച്ച മയില്‍പ്പീലി തുണ്ടുകള്‍
വര്‍ണ്ണവളപ്പൊട്ടുകള്‍,മഴവില്ലുകള്‍ പിന്നെ
സ്വര്‍ണ്ണച്ചരടില്‍ കൊരുത്ത സ്വപ്നങ്ങളും
എല്ലാം തെളിഞ്ഞു കാണുന്നിതെന്നോര്‍മ്മയില്‍
എന്നുമീ മുത്തുകള്‍ ചെപ്പിലുണ്ടാവണം..!

2009 ഓഗസ്റ്റ് 18, ചൊവ്വാഴ്ച

ചിങ്ങപ്പുലരിയില്‍

കര്‍ക്കിടകത്തിന്‍ കലിയടങ്ങി
പൂക്കളുമായ്‌ വന്നു ചിങ്ങമാസം
പൊന്നിളം വെയിലില്‍ ചമഞ്ഞൊരുങ്ങി
കുന്നും പുഴകളും താഴ്വാരവും ..!
വറുതി തന്‍ കാലവും പോയ്മറഞ്ഞു
വരവായി പൊന്നോണക്കാലമെങ്ങും
തെച്ചിയും മന്ദാരം ചേമന്തിയും
പൂത്തുലഞ്ഞീടുന്നു തൊടിയിലെല്ലാം
വര്‍ണ്ണപ്പകിട്ടിന്‍റെയിന്ദ്രജാലം
തീര്‍ത്തുകൊണ്ടെത്തുന്നു പൂമ്പാറ്റകള്‍
കണ്ണിനും കാതിനുമിമ്പമേകാന്‍
മണ്ണില്‍ പുളകങ്ങളേറ്റു വാങ്ങാന്‍
കേളികെട്ടുയരുന്നു കേരളത്തില്‍
താളവും മേളവും കേള്‍ക്കയായി
മാവേലി തമ്പുരാന്‍ വന്നിടുമ്പോള്‍
ആവേശത്തോടെ നാം സ്വീകരിയ്ക്കും
ചിങ്ങമാസത്തിന്‍ സമൃദ്ധിയെല്ലാം
നെഞ്ചേറ്റി വാങ്ങിടാം വൈകിടാതെ..!

2009 ഓഗസ്റ്റ് 8, ശനിയാഴ്‌ച

ബംഗളൂരു

ഇതെന്‍ പ്രിയ നഗരം ബംഗളൂരു...
ഇവിടയെന്‍ കൌമാര സ്വപ്നങ്ങള്‍ക്ക്
ചിറകു മുളച്ചതും വാനോളമുയര്‍ന്നതും
നഗരമാദ്യമായ് കണ്ടതുമെന്നോര്‍മ്മയില്‍
തെളിയുന്നതിപ്പോഴും വര്‍ഷങ്ങള്‍ക്കിപ്പുറം..!
മെജസ്റ്റിക്കില്‍ ബസ്സിറങ്ങി നടന്നു ഞാന്‍
നഗരത്തിലെന്നുടെ ലക്‌ഷ്യം കാണണം
കുംഭാരപെട്ടിലെത്തണമെനിയ്ക്ക് നഗരത്തില്‍
രാവെത്തും മുമ്പെ നഗരത്തിരക്കിലൂടെ വേഗം
ചിക്പെട്ടിലെ തെരുവുകള്‍ താണ്ടിയൊടുവില്‍
കുംഭാരപെട്ടിലും മാവള്ളിയിലെ വീട്ടിലുമെത്തി
ബംഗളൂരിലേക്കിതെന്‍റെ കന്നി യാത്ര പിന്നീട്
പലവട്ടം ഞാനീ നഗരത്തില്‍ രാപാര്‍ത്തു...
ഇന്നനെക്കിവിടം മുക്കും മൂലയും പരിചിതങ്ങള്‍
ഇതാണെന്റെ നഗരം ബംഗളൂരു പ്രിയ നഗരം
ഇപ്പോഴുമെനിക്കിവിടം നൊസ്റ്റാള്‍ജിയ..!
കലാസ്‌ പാളയവും, സിറ്റി മാര്‍ക്കറ്റും
തിരക്കേറും തെരുവുകളും,ലാല്‍ ബാഗിലെ സന്ധ്യകളും,
ശിവജി നഗറും, കണ്ടോണ്‍മെന്‍റും, കബ്ബണ്‍ പാര്‍ക്കും
എവിടെയുമേനിക്കീ നഗരം മനഃപാഠമായ്..!

2009 ജൂലൈ 11, ശനിയാഴ്‌ച

നാല്‍ക്കവലയില്‍

തിരക്കേറുമീ നാല്‍ക്കവലയില്‍ പകച്ചു നിന്നിടും
ഏകാന്ത പഥികനായി ഞാനീ നഗരവീഥിയില്‍
ഒഴുകി നീങ്ങിടും പുരുഷാരത്തിനിടയില്‍പെട്ട്
വഴിയറിയാതെയാള്‍ക്കൂട്ടത്തിലേകനായ് നില്‍പ്പൂ
എങ്ങോട്ട് പോകണമെന്നറിയില്ല, ദിക്കുകളറിയില്ല
മങ്ങുന്നൂ കാഴ്ച്ചയെന്‍ തല കറങ്ങുന്നുവോ..!
ആരുന്ടെനിക്ക് വഴി കാട്ടിയായ്‌ വരാനിപ്പോള്‍
നേരായ മാര്‍ഗ്ഗം കാട്ടി ലക്ഷൃത്തിലെത്തിക്കുവാന്‍..?
ഇന്നല്ലെങ്കില്‍ വേറൊരു നാള്‍ വരുമെന്‍ വഴികാട്ടി
അന്നോളം കാത്തു നില്ക്കും ഞാനീ നാല്‍ക്കവലയില്‍..!

2009 ജൂലൈ 4, ശനിയാഴ്‌ച

നിറക്കൂട്ട്‌

പച്ചയാണെന്റെയിഷ്ടനിറമെന്കിലുമെന്നും
ചുവപ്പിനോടാണെനിക്കതിലേറെ പ്രിയം..!
പച്ചയില്‍ കാണ്മൂ പ്രകൃതിതന്‍ പവിത്രത
ചുവപ്പിലോ വിപ്ലവത്തിന്‍ നേരടയാളവും
മഞ്ഞ കാണുമ്പോളോര്‍മ്മയില്‍ വരുന്നത്
കാര്‍മുകില്‍വര്‍ണ്ണന്റെ പീതാംബരം..!
നീലയിലാകാശത്തിന്‍ നൈര്‍മ്മല്യവും പിന്നെ
ആഴിതന്നാഴവും വൈപുല്യവും കാണാം
കാവിയില്‍ ഓംകാരത്തിന്‍ ശക്തിയുമൊപ്പം
തപോധനന്‍മാരണിയും കാഷായവസ്ത്രവും
കറുപ്പോ തിന്മകള്‍ക്കുറ്റ ചങ്ങാതിയും
വെളുപ്പോ നന്മകള്‍ക്ക് വഴികാട്ടിയും
നിറങ്ങള്‍തന്‍ മായാജാലമിതെല്ലാം
മാരിവില്ലായി തെളിയുന്നിതെന്‍ മുന്നില്‍..!

2009 ജൂൺ 26, വെള്ളിയാഴ്‌ച

മഴ പെയ്യുന്നേരം

തുള്ളിക്കൊരുകുടം മഴ പെയ്തിറങ്ങവെ
ഉള്ളിലൊരു ബാല്യം പുനര്‍ജ്ജനിക്കുന്നിതാ
ഓര്‍മ്മതന്‍ പെരുമഴ പെയ്തിടും നേരത്ത്
മര്‍മ്മരം കേള്‍ക്കുന്നു ഹൃദയ തടങ്ങളില്‍
മഴയത്ത് ഞാനൊരു ചേമ്പില കുടയാക്കി
താഴത്തെ തൊടിയിലൂടന്നു നടന്നതും
പാടവരമ്പത്ത് മാനത്തുകണ്ണിയെ
തേടിയലഞ്ഞതുമോര്‍മ്മിച്ചിടുന്നു ഞാന്‍
ചാറ്റല്‍ മഴയത്ത് മഴനൂലുകള്‍ നെയ്ത
ചാരുതയിപ്പൊഴും മനസ്സില്‍ തെളിയുന്നു
ഇലകളില്‍ വീഴുന്ന നീര്‍മണി മുത്തുകള്‍
ഇന്നുമെന്നോര്‍മ്മയില്‍ കുളിരല തീര്‍ത്തിടും..!
മലവെള്ളപ്പാച്ചലില്‍ വയലുകള്‍ പുഴകളായ്‌
മാറിയതെല്ലാം ഓര്‍മ്മകള്‍ മാത്രമായ്‌..!
ചക്രവാകത്തിന്റെ ചുണ്ടിലെ ശാപമായ്‌
ചിത്രകൂടങ്ങളെരിഞ്ഞമര്‍ന്നീടവെ,
ഊഷരഭൂവിതില്‍ തേന്മഴ പെയ്യിക്കാന്‍
വര്‍ഷമേഘങ്ങളേ, വേഗമിങ്ങെത്തുവിന്‍
എന്തെ? മടിച്ചു നില്‍ക്കുന്നതീ വേളയില്‍
ചന്തമേറും മാരിവില്ലുമായെത്തുക...
പെയ്തിറങ്ങീടട്ടെ തുള്ളിക്കൊരു കുടം
നെയ്ത്ടാമോമല്‍ക്കിനാവുകിളിപ്പൊഴേ...
എങ്ങും തിമര്‍ത്തു പെയ്തീടട്ടെ പെരുമഴ
എന്നുമീ മണ്ണിനെ കുളിരണിയിക്കുവാന്‍..!

2009 ജൂൺ 24, ബുധനാഴ്‌ച

നിയോഗം

എന്താണെനിയ്ക്കുള്ള നിയോഗമെന്നതന്വേഷിപ്പൂ
ഉത്തരം കിട്ടാത്ത ചോദ്യമായത് മനസ്സില്‍ മുഴങ്ങുന്നൂ...
മനുഷ്യജന്മമിത് വെറുതെ ജീവിക്കാന്‍ മാത്രമോ?
ഈയിടെ ചോദിച്ചു തുടങ്ങി ഞാനെന്നോടു നിത്യവും
കര്‍മ്മങ്ങളേറെ ചെയ്തുതീര്‍ക്കാനുണ്ടെനിയ്ക്കിനിയും
ജന്മമൊടുങ്ങിത്തീരുന്നതിന്‍ മുമ്പേ തന്നെ...
പൂത്തുന്പിയെപ്പോല്‍ പാടത്തും തൊടിയിലും
പാറിപ്പറന്നൊരാ കാലമിനിയാവര്‍ത്തിക്കാന്‍
കൊതിയ്ക്കുകയാണെന്മനം പ്രതീക്ഷ വെടിയില്ല
അതിനായ്‌ കരുത്തേകാന്‍ പ്രാര്‍ത്ഥനയര്‍പ്പിക്കുന്നു..!
എന്താണെന്‍ നിയോഗമെന്നെനിക്ക് കാട്ടിത്തരാന്‍
എപ്പോഴും മനസ്സിലെ ചോദ്യങ്ങളാവര്‍ത്തിപ്പൂ...
മറവിതന്‍ മഞ്ഞ് മലകള്‍ക്കുമകലെയായ്‌ മറഞ്ഞൊരാ
നാളുകള്‍ പുനര്‍ജ്ജനിച്ചെന്കിലെന്നാശിക്കുന്നു...
ഏവര്‍ക്കും തണലേകും വടവൃക്ഷമായ്‌ തീരാന്‍
ഏറെ കൊതിച്ചെങ്കിലും വേനലിന്‍ കൊടും ചൂടില്‍
ഉണങ്ങിക്കരിഞ്ഞൊരു പാഴ്മരമായ് മാറിപ്പോയി
കാണുമോ വീണ്ടും തളിരിലകളെന്മേനിയില്‍..?
അറിയില്ലെനിക്കൊന്നും കാലത്തിന്‍ ക്യാന്‍വാസില്‍
കോറിയിട്ടൊരു ചിത്രം മാത്രമായ്‌ മാറുന്നു ഞാന്‍..!