കള്ളച്ചൂതില്‍ ജയിച്ചവര്‍ക്ക്
ജയം താല്‍ക്കാലികം മാത്രം
കൌരവരൊരുക്കിയ കെണിയില്‍
വീണത് അഗ്രജന്‍ യുധിഷ്ടിരന്‍
അരക്കില്ലങ്ങള്‍ ചുട്ടെരിച്ചും
ദ്രൌപദിയുടെ മാനം കവര്‍ന്നും
ദുശ്ശാസനന്‍മാര്‍ പാണ്ഡവരെ
കള്ളച്ചൂതില്‍ തോല്‍പ്പിച്ചും
താണ്ഡവമാടുമീ യുദ്ധഭൂമിയില്‍
വരാനെന്തേ താമസം കൃഷ്ണാ..?
നിന്‍ ഗീതോപദേശങ്ങള്‍
നീതിസാരങ്ങള്‍ മുഴങ്ങട്ടെ
ആസേതു ഹിമാചാലം..!
തേര് തെളിക്കൂ സാരഥീ
നേരിന്‍ വഴികളില്‍ വേഗം
ധര്‍മ്മയുദ്ധത്തിന് കളമൊരുങ്ങി
കുരുക്ഷേത്ര ഭൂമിയില്‍...
ദുഷ്ടനിഗ്രഹം നിര്‍വ്വഹിക്കൂ
ശിഷ്ടകാലം സൌഖ്യം തരൂ...
കള്ളച്ചൂതില്‍ ജയിച്ചു കയറിയ
കൌരവപ്പടയെ തുരത്തുവാന്‍
അര്‍ജ്ജുനനെ കര്‍മ്മനിരതനാക്കാന്‍
അണയൂ കൃഷ്ണാ, കാര്‍മ്മുകില്‍ വര്‍ണ്ണാ
കാത്തിരിക്കുന്നൂ കാലം
പുത്തനാം പ്രഭാതത്തെ..!