2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

തിരുവോണക്കാഴ്ച

മുക്കുറ്റിപ്പൂവുകള്‍ കണ്‍തുറക്കും
മുറ്റത്തൊരത്തപ്പൂക്കളമൊരുക്കി
മാവേലിത്തമ്പുരാനെഴുന്നള്ളുമ്പോള്‍
നാവേറ് പാടുവാന്‍ നാടൊരുങ്ങി
തിരുവോണക്കാഴ്ച്ചതന്‍ കേളികൊട്ട്
തൃക്കാക്കരപ്പനെ വരവേല്‍ക്കുവാന്‍
തുമ്പികള്‍ പാറുന്ന തൊടിയിലെങ്ങും
തുമ്പപ്പൂ വിരിയുന്ന കാലമായി
പൂവിളിപ്പാട്ടുകള്‍ കേള്‍ക്കുവാനായ്
മാവേലിയെത്തുന്ന നാളണഞ്ഞൂ
പോയ കാലത്തിന്റെ മധുരമുണ്ണാന്‍
കൊതിയോടെ കാത്തിരിക്കുന്നു നമ്മള്‍
പാതാളലോകത്ത് നിന്ന് മന്നന്‍
മാവേലിയെത്തുന്പോഴെന്തു നല്‍കും
തിരുമുല്‍ക്കാഴ്ചയായര്‍പ്പിക്കുവാന്‍
തിരുവോണക്കാഴ്ചയൊരുക്കി വെക്കാം
മാവേലിത്തമ്പുരാനേറ്റുവാങ്ങും
മലയാളനാടിന്നുപഹാരങ്ങള്‍
മാലോകര്‍ക്കേറെ സന്തോഷമേകാന്‍
മലരണിക്കാടുകള്‍ പൂത്തുവല്ലോ
ചിറ്റാട നെയ്യുന്നു പൂമരങ്ങള്‍
ചിങ്ങപ്പുലരിയെയെതിരേറ്റിടാന്‍!






2010, ജൂലൈ 4, ഞായറാഴ്‌ച

പെരുമഴക്കാലം

തുള്ളിക്കൊരു കുടം പെയ്യുന്നൂ പേമാരി
ഉള്ളം കുളിര്‍ക്കുന്ന പെരുമഴക്കാലമായ്
കരിമുകില്‍കൂട്ടങ്ങള്‍ മേയുന്ന മാനത്ത്
വരുന്നില്ല പകലോന്‍ വിരുന്നിനു പോലും.!
കൂലം കുത്തിയൊഴുകുന്നയാറ്റിലെ-
യോളങ്ങള്‍ സംഹാര നൃത്തമാടുന്നുവോ.?
മാനത്തു കണ്ണികള്‍ നീന്തിത്തുടിക്കുന്ന
തോട്ടിന്‍ കരയിലെ കൈതോല മറപറ്റി
ഇണ ചേരാനവസരം പാര്‍ക്കും കുളക്കോഴി
നാണത്താല്‍ കുറുകുമീയീറന്‍ സന്ധ്യയില്‍
മലവെള്ളപ്പാച്ചലില്‍ വയലെല്ലാം പുഴയായി
മഴയുടെ ദ്രുതതാളം ദൂരത്ത്‌ കേള്‍ക്കയായ്...
ചേമ്പിലക്കുട ചൂടി കരുമാടിക്കുട്ടന്മാര്‍
ആര്‍ത്തു തിമര്‍ക്കുന്നിതാഹ്ലാദ ചിത്തരായ്
മഴപോലെ മഴയല്ലാതെന്തുണ്ടീ ഭൂമിയില്‍..?
അഴകിന്റെ നൂലുകളിഴചേര്‍ക്കും കാഴ്ചകള്‍
കരളും കിനാവും തണുക്കുന്നു അകലെയായ്
വിരഹഗാനത്തിന്റെയീരടി കേള്‍ക്കയായ്...
പെരുമഴക്കാലത്തിലൊന്നിച്ചു ചേരുവാന്‍
വരുമെന്റെ പ്രേയസിയിന്നെങ്കിലും വരും...
തോരാത്ത മഴപോലെന്‍ കാത്തിരിപ്പും നീളും
തീരാത്തതാണെന്റെ മോഹങ്ങളൊക്കയും..!
മഴ മാറി മാനം തെളിഞ്ഞിടും നേരത്ത്
അഴകേറും പൂക്കാലം വര്‍ണ്ണമഴ പെയ്യിക്കും..!
കിളികളും പൂക്കളും ശലഭങ്ങളും ചേര്‍ന്ന്
പുളകം വിതയ്ക്കുന്ന കാലം വരും...
മഴനൂലിഴകളാല്‍ സ്വപ്‌നങ്ങള്‍ നെയ്തൊരീ
പുഴയുടെ തീരത്തിലേകനായ് നില്‍ക്കവേ,
പെരുമഴക്കാലത്തിന്നോര്‍മ്മകളോരോന്നായ്
ഒരുവട്ടം കൂടിയന്നൂളിയിട്ടെത്തിടും...


2010, ജൂൺ 9, ബുധനാഴ്‌ച

മൊഴിമുത്തുകള്‍

അമ്മയെന്‍ പ്രിയ മാതാവന്നെന്‍ കാതില്‍ മൊഴിഞ്ഞതാം
നറുംതേനില്‍ ചാലിച്ച വാക്കുകള്‍ മൊഴിമുത്തുകള്‍ ...
ഇന്നും നുണയുന്നിതമ്മിഞ്ഞപ്പാലിന്‍റെ മാധുര്യമൊട്ടും
ചോരാതെ കാലത്തിനൊപ്പം കാത്തു സൂക്ഷിക്കുവാന്‍..!
താരാട്ട് പാട്ടായും മുത്തശ്ശിക്കഥയായും പെയ്തിറങ്ങി
ഏറെ ഞാന്‍ കേട്ട് പഠിച്ചതാം പാഠങ്ങളൊക്കെയും
അറ്റമില്ലാത്തൊരീ യാത്രയില്‍ പാഥേയമായെന്‍റെ
കൂടെയുണ്ടെത്രയോ കാലം കഴിഞ്ഞു പോയെങ്കിലും..!
ജീവിതസായാഹ്നത്തിലും മുഴങ്ങുകയാണല്ലോ
മനസ്സിനകത്തളങ്ങളില്‍ പെരുമ്പറ കൊട്ടും പോലെ...
സ്നേഹ വാത്സല്യങ്ങളാല്‍ ഹരിശ്രീ കുറിച്ചതും
നോവുമാത്മാക്കള്‍ക്ക് സ്വാന്തനസ്പര്‍ശമായ്
അമ്മയില്‍ നിന്നല്ലോ സ്വായത്തമാക്കി ഞാന്‍
എന്‍മനം കരുണ തന്‍ അമൃത വാഹിനിയായ്
ഒരു പാല്‍ക്കടലായ് അലയടിക്കുന്നിതിപ്പോള്‍
തീരത്തിലലിവിന്‍റെ തിരമാലകള്‍ക്കൊപ്പം...
അമ്മതന്‍ ചുണ്ടില്‍നിന്നുതിര്‍ന്ന മൊഴിമുത്തുകള്‍
മനസ്സിന്‍ മണിച്ചെപ്പില്‍ സൂക്ഷിക്കും ഞാനെപ്പൊഴും...

2010, മേയ് 23, ഞായറാഴ്‌ച

പൊഴിക്കട്ടെ കണ്ണുനീര്‍തുള്ളികള്‍...

പൊഴിക്കട്ടെ കണ്ണുനീര്‍തുള്ളികള്‍
ഒഴുകട്ടെയലിവിന്‍ നീരുറവകള്‍...
ഒരു മഹാദുരന്തത്തിന് മൂകസാക്ഷിയായ്
ചാറ്റല്‍ മഴയീറനണിയിക്കും
പ്രകൃതിയും വിതുമ്പിക്കരയുന്നൂ..!
അമ്മതന്‍ മാറോടു പറ്റിച്ചേര്‍ന്നു
അമ്മിഞ്ഞ നുകരും കുഞ്ഞോമനകളും
ഒരു നിമിഷാര്‍ദ്ധത്തില്‍ വിധിയുടെ
ക്രൂര വിനോദത്തിന്നിരകളായ്
കത്തിക്കരിഞ്ഞ ജഡങ്ങളായ് മാറി
മനസ്സിനെ മരവിപ്പിച്ചൊരീ
മഹാദുരന്തത്തെ മറക്കാന്‍ കഴിയുമോ..?
മംഗലാപുരമാകെ വേദന തളം കെട്ടി
വിറങ്ങലിച്ചു നില്‍പ്പൂ..!
കരളലിയിച്ചിടും കാഴ്ച
കാണുവാന്‍ കഴിയാതെ...
ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നൂ
ആത്മശാന്തിക്ക് വേണ്ടി
മനം നൊന്തു കേഴുന്നൂ
നിര്‍ത്തട്ടെയീ ഈരടികള്‍...