2011, ഡിസംബർ 6, ചൊവ്വാഴ്ച

എന്റെ പേരാമ്പ്ര



മാറിപോയിരിക്കുന്നു...
വല്ലാതെ മാറിപോയിരിക്കുന്നു..!
മലയോര ഗ്രാമത്തിലെ ഈ ചെറു പട്ടണം
പഴമക്കാര്‍ അങ്ങാടിപറമ്പ് എന്നും വിളിച്ചു...
ഇന്നും ചിലര്‍ അങ്ങിനെ തന്നെ വിളിക്കുന്നു
ഞായറാഴ്ചകളില്‍ അവര്‍ ഒത്തുകൂടി,
കോഴികളും മാടുകളും പിന്നെ ഇഞ്ചിയും മഞ്ഞളും
വെള്ളരിക്കയും മലഞ്ചരക്കും
വിദൂര ഗ്രാമങ്ങളില്‍ നിന്നും ഇവിടെ കൊണ്ടുവന്നു
അരിയും ചില്വാനങ്ങളും തിരികെ വാങ്ങി
നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞു ഗ്രാമീണര്‍ മടങ്ങി...
ഇത് പേരാമ്പ്രയുടെ പഴയ ചിത്രം
പുതിയതോ..? പറയാം,തിടുക്കപ്പെടല്ലേ...
അര നൂറ്റാണ്ടുകള്‍ക്കു മുമ്പിവിടെ
സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍,
ഓലമേഞ്ഞ ഏതാനും പീടിക മുറികള്‍ മാത്രം..!
അതില്‍ പിന്നെ ബഹുനില കെട്ടിടങ്ങള്‍ ഏറെയുണ്ടായി...
അന്നും ഇന്നും കുഞ്ഞിക്കണ്ണന്റെ ചായക്കടയുണ്ട്...
രക്തസാക്ഷി സഖാവ് കെ ചോയിയുടെ
സഹോദരന്‍ നടത്തുന്ന ജനകീയ ഹോട്ടല്‍...
കടയില്‍ എപ്പോഴും തിരക്ക് തന്നെ...
ആളൊഴിഞ്ഞ നേരമില്ല...
സഖാക്കള്‍ കോരേട്ടനും കണ്ണന്‍ മാസ്റററും
ഈ ഗ്രാമത്തിനെ ചുവപ്പണിയിച്ചവര്‍...
കെടിയും ഡോക്ടര്‍ കെജി അടിയോടിയും
ആര്‍ നാരായണന്‍ നായരും
അപ്പനായര്‍ വക്കീലും
ഈ പട്ടണത്തിന്റെ നായകത്വം വഹിച്ചവര്‍...
ആര്‍ക്കാണവരെ മറക്കാന്‍ കഴിയുക..?
കല്ലോട് മുതല്‍ കൈതക്കല്‍ വരെ
ഇന്നീ പട്ടണം വലുതായിരിക്കുന്നു...
പണ്ട് നടുക്കണ്ടിക്കാരുടെ ചില കടകള്‍ മാത്രം
കിഴക്ക് പുളിയിന്റെ ചോട്ടില്‍
എന്‍വി മോട്ടോഴ്സ്കാരുടെ ബസ് ഷെഡ്‌ വരെ
ഒതുങ്ങികൂടിയ പേരാമ്പ്രയുടെ ചിത്രം
ഇപ്പോഴും മനസ്സില്‍ തെളിയുന്നു...
ഗോശാലക്കല്‍ തറവാടിന്റെ നാലുകെട്ടും നടുമുറ്റവും
വയല്‍ തൃക്കോവില്‍ കുടുംബവും
പഴയ പ്രതാപത്തിന്റെ ഓര്‍മ്മചെപ്പുകള്‍ തുറക്കുന്നു..!
ഗ്രാന്‍ഡ്‌ ഹൌസിലെ വര്‍ണ്ണവിസ്മയങ്ങള്‍
പുതിയ പെരുമയുടെ നേര്‍ക്കാഴ്ചകള്‍...
അയല്പക്ക ഗ്രാമമായ നൊച്ചാട്ട്
ഏറെക്കാലം അധ്യാപകനായപ്പോഴും
ഞാനീ നഗരത്തിന്റെ കൂടെയുണ്ട്..
വേര്‍പിരിയാനാവാത്ത ചങ്ങാതിയെ പോല്‍..
ഇപ്പോള്‍ വിശ്രമജീവിതത്തിലും
ഇടയ്ക്കിടെ പേരാമ്പ്രയെ പുണര്‍ന്നില്ലെങ്കില്‍
നഷ്ടബോധത്തിന്റെ കാണാക്കയത്തിലേക്ക്
എറിയപ്പെട്ടത് പോലെ...
എന്റെ പേരാമ്പ്ര എന്നും എന്റെ കൂടെയുണ്ട്...
എനിക്കൊരിക്കലും പേരാമ്പ്രയെ പിരിയാന്‍ കഴിയില്ല...


2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

വസന്തം വന്നു



നീലിച്ച കാവ് തോറും പൂക്കളുണര്‍ത്തിക്കൊണ്ട്
വാസന്ത റാണി നീയിന്നാഗതയായി...
കാനനച്ചോലകളിലിക്കിളി പാകി വരും
തെന്നലിന്‍ വീചിയെന്നെപ്പുണര്‍ന്നിടുന്നു...
ചന്ദനക്കാവ് തോറും ചൂളംവിളിച്ചു വരും
മന്ദമാരുതനെന്തോ പറയാനുണ്ടാം..!
കാട്ടുപൂവുകളിലെ തൂമധു നുകരുവാന്‍
പാട്ടുമായണയുന്നു കറുത്ത വണ്ട്
പച്ചപ്പട്ടുടുത്തോരാപ്പാടത്തിന്‍ മാറില്‍ നൃത്തം
വെച്ചുകൊണ്ടടുക്കുന്നു വാസന്തറാണി..!
മുഗ്ദ്ധഗാങ്ങള്‍ പാടി നീലനഭസ്സില്‍ പക്ഷി
വൃന്ദങ്ങള്‍ പത്രം വീശിപ്പറന്നിടുന്നു
താമരപ്പൊയ്കയിങ്കല്‍ കണ്ണാടി നോക്കീടുന്നു
താരകരാജി വിണ്ണിന്‍ ചരിവില്‍ നിന്നും
വാനിലെ തോപ്പില്‍ നിന്ന് മണ്ണിലുതിര്‍ന്നുവീണ
തൂനിലാവൊളിയിങ്കലലിഞ്ഞു ലോകം..!
പഞ്ചാരമണല്‍ത്തരി മിന്നുന്നോരാറ്റിന്‍വക്കില്‍
വഞ്ചിക്കാര്‍ പടീടുന്ന ശീലുകള്‍ കേള്‍പ്പൂ...
(ബാലപംക്തി-മാതൃഭൂമി ആഴ്ചപ്പതിപ്പ്
1961 സെപ്തംബര്‍ 17 )

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

കിനാവിലൊരു ഗാനം



താമരപ്പൂവുകള്‍ മണ്ണിലുറങ്ങി
താരകപ്പൂവുകള്‍ വിണ്ണിലുറങ്ങി
ആമ്പലിന്‍ ചുണ്ടുകള്‍ ചെന്നിറം പൂണ്ടു
അമ്പിളി മാനത്ത് നിന്നത് കണ്ടു...
രാക്കുയില്‍ മാകന്ദക്കൊമ്പില്‍ മയങ്ങി
ഞാനെന്‍ കിനാവുകള്‍ കണ്ടുമയങ്ങി...
ഏതോ മനോഹരഗാനമന്നെന്റെ
ചേതോവികാരത്തെ തട്ടിയുണര്‍ത്തി...
രാവിന്റെ മാറിലുറങ്ങിക്കിടക്കും
പാരിലെന്‍ ചിന്തകള്‍ പാറിനടന്നു..!
ചന്ദനക്കാറ്റിലലിഞ്ഞെന്‍ കിനാവില്‍
സുന്ദരഗാനമൊന്നോടിയണഞ്ഞു...
തംബുരുമീട്ടുമാഗാനതരംഗ-
മംബരവീഥിയിലോളമുയര്‍ന്നു...
മാലാഖമാരുടെ നര്‍ത്തനരംഗ-
മായോരാവിണ്ണിലെന്‍ ഗാനം മറഞ്ഞു..!
(ദേശാഭിമാനി പ്രതിവാര പതിപ്പില്‍
1961 സെപ്തംബര്‍ 17 ന് പ്രസിദ്ധീകരിച്ചത്)

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

വീണപൂവിനോട്



കേണിടുന്നു വീണപൂവെന്‍ മുന്നിലിന്ന് വിണ്ണിന്‍
കോണിലായി താരകങ്ങള്‍ പുഞ്ചിരിച്ചീടുമ്പോള്‍
പാഴ്മണലില്‍ വീണടിഞ്ഞ കൊച്ചുപൂവേ നിന്നെ
പാട്ടിലാക്കാന്‍ വണ്ട്‌ വന്നു കണ്ണിറുക്കി മുന്നെ...
വെള്ളിമേഘകീറുകള്‍ തന്‍ കൊച്ചുവാതിലിന്റെ
ഉള്ളിലൂടെയിന്ദു നിന്നെ കാണ്‍കയാല്‍ ചിരിച്ചു..!
പാതിരാപ്പക്ഷികളെങ്ങും വീണമീട്ടീടുമ്പോള്‍
പാതവക്കില്‍ പാഴ്നിഴലൊളിച്ചു കളിക്കുമ്പോള്‍
ആറ്റില്‍ നിന്നലയടിച്ചെത്തുന്ന വഞ്ചിപ്പാട്ടില്‍
കൊച്ചലകള്‍ സഞ്ചരിച്ചു ചക്രവാളം തൊട്ട്‌...
എന്നുമെന്നും വാടിടാതെ നിന്നിടാന്‍ കൊതിച്ചും
മന്നിലുള്ള പൊന്കിനാവിലൊക്കെയും രസിച്ചും
കൊച്ചു കാറ്റില്‍ നൃത്തമാടി നിന്നിരുന്ന പൂവേ,
പച്ചിലക്കാടുകളിലെ താരമായ് നീയന്ന്‍...
തൂമധു നിറച്ച പാനപാത്രവുമായന്ന്‍
ആമലര്‍ക്കാവിങ്കലെ തരുണിയായ്‌ നീ മിന്നി..!
മൂളിടുന്ന പാട്ടുമായണഞ്ഞു നിന്നിലുള്ള
പൂമധു നുകരുവാനായ് വണ്ടിണകളന്ന്...
കാലമാം തരുവിലെയിലകളോരോന്നായി
കാത്തിരുന്നില്ലാരെയും കൊഴിഞ്ഞു വീണു പോയി..!
ഇന്ന് നീയാപ്പാഴ്മണലില്‍ വീണു കേണിടുന്നു
മന്നിലിന്ന്‍ നിന്നെയോര്‍ത്ത് ഞാന്‍ കരഞ്ഞിടുന്നു.!!
(മാപ്പിളപ്പാട്ട് രീതിയിലുള്ള ഈ കവിത 1961 ആഗസ്ത് 6 ന്
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍
പ്രസിദ്ധീകരിച്ചതാണ്)

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

പൂവും കവിയും വണ്ടും



നീലക്കുന്നിന്‍ ചരിവിലുറങ്ങിയ
പുലരിപ്പൈതലുണര്‍ന്നപ്പോള്‍,
വിണ്ണില്‍നിന്നുമടര്‍ന്നുപതിച്ചൊരു
മണ്ണിന്‍ താരകമെന്നോണം,
ചെമ്പനിനീര്‍ പൂവൊന്നു വിരിഞ്ഞു
ചെങ്കതിരതിനെ ചുംബിച്ചു..!
മന്ദാനിലനാപൂവിന്‍ ജനന
സന്ദേശവുമായ് വന്നപ്പോള്‍,
കവിയൊരു മൂളിപ്പാട്ടും പാടി
പൂവിന്നരികില്‍ പാഞ്ഞെത്തി..!
കവിയുടെ നേരെ പുഞ്ചിരി തൂകും
പൂവിന്നരികിലൊരളിയെത്തി...
വണ്ടാപൂവിന്‍ നേരെയടുത്തതു
കണ്ടിട്ടാക്കവി പാടിപ്പോയ്...
''പൂവിന്‍ തൂമധു നുകരാനായി-
ട്ടെത്തിയ വണ്ടത്താനേ,നീ
വഞ്ചനയാര്‍ന്നൊരു പാട്ടും പാടി
പുഞ്ചിരിയാലെ മയക്കല്ലേ..."
(ദേശാഭിമാനി-പ്രതിവാരപതിപ്പില്‍
1961 ആഗസ്ത് 6 നു പ്രസിദ്ധീകരിച്ചത്)

2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

തേങ്ങുന്ന തേന്മാവ്



ഏകയായിന്നു ഞാനീ വഴിത്താരയില്‍
ശോകാര്‍ദ്രമാനസയായി നിന്നീടവേ,
നാളുകള്‍ക്കപ്പുത്തുള്ളോരെന്‍ജീവിത-
ത്താളുകളോരോന്നുമോടിയെത്തുന്നിതാ...
വാസന്തദേവിയന്നാഗതയായപ്പോള്‍
അര്‍പ്പിച്ച പൂക്കളും മാമ്പഴക്കൂട്ടവും
എല്ലാം കൊഴിഞ്ഞുവീണിന്നു ഞാനേകയായ്
ഉല്ലാസമറ്റു പൊഴിഞ്ഞ കിനാവുമായ്..!
എത്രയോ പൊന്നിന്‍കിനാവില്‍ വരച്ചോരെന്‍
ചിത്രങ്ങളിന്ന്‍ കണ്ണീരിനാല്‍ മാഞ്ഞുപോയ്‌.!!
പൂങ്കുയിലില്ലിന്നു പാട്ടുകള്‍ പാടുവാന്‍
എന്‍കരച്ചില്ലയില്‍ കൂടുകള്‍ കൂട്ടുവാന്‍...
മാമ്പഴക്കാലമിന്നോടിയെത്തീടുകില്‍
എമ്പാടുമാരാധകരെനിക്കെത്തിടും
പൊട്ടിച്ചിരിച്ചാര്‍ത്ത് മാമ്പഴം തിന്നുവാന്‍
കുട്ടികളില്ലിന്നു തമ്മില്‍ പിണങ്ങുവാന്‍...
മാമ്പഴക്കാലമേ,തേങ്ങുമീയെഴതന്‍
നൊമ്പരം തീര്‍ക്കുവാനോടിയെത്തീടുമോ..?
(ബാലപംക്തി-ചന്ദ്രിക ആഴ്ച്ചപ്പതിപ്പ് 1961 )

2011, ജൂലൈ 22, വെള്ളിയാഴ്‌ച

യമുന മൂകമായൊഴുകുന്നു..!



കണ്ണുനീര്‍ പൊഴിക്കട്ടെയാര്‍ഷഭാരതത്തിന്റെ
മണ്ണിലെ പ്രഭാനാളമസ്തമിച്ചതിനാലെ..!
അടിമത്തത്തിന്നൂക്കന്‍ ചങ്ങല പൊട്ടിച്ചീടാന്‍
അടരാടിയുള്ളോരാദിവ്യനാം മഹാത്മജി
കേവലമൊരു മതഭ്രാന്തന്റെ കൈത്തോക്കിന്
ജീവനെ സമര്‍പ്പിച്ചിട്ടാത്മനിര്‍വൃതി നേടി..!
അന്നൊരു സായാഹ്നത്തില്‍ യമുനാതീരത്തിലെ
ചെന്നിറം ചിന്നീടുന്ന പഞ്ചാരമണല്‍തിട്ടില്‍
പ്രാര്‍ത്ഥനയ്ക്കായി വന്നുനില്‍ക്കുന്നു മഹാത്മജി
പ്രാര്‍ത്ഥനയാരംഭിച്ചു രാമരാമനാമോച്ചാരണം...
തെല്ലിളം നിമിഷങ്ങള്‍ കടന്നുപോയി മണ്ണിന്‍
മല്ലിക ഞെട്ടറ്റതാ വീഴുന്നു മണല്‍തിട്ടില്‍..!
നൂറ്റാണ്ടുകള്‍ താണ്ടിക്കടന്ന നാടിന്‍ ജീവന്‍
അറ്റുപോയ് മതഭ്രാന്തിന്‍ വെടിയുണ്ടകളാലെ.!
യമുനാ തീരത്തിലെ പുല്‍ക്കൊടി വിറയ്ക്കുന്നൂ
ക്ഷമയറ്റതാം മഹാപാതകമോര്‍മ്മിക്കവേ...
മൂകമായൊഴുകുന്നു യമുനാനദിയിന്നും
ശോകദം ജനുവരി മുപ്പതിന്‍ കഥയുമായ്‌...
(ബാലപംക്തി-മാതൃഭൂമി ആഴ്ചപ്പതിപ്പ്
1961 ഫിബ്രവരി 11 ന്റെ ലക്കത്തില്‍ നിന്ന്)

2011, ജൂലൈ 21, വ്യാഴാഴ്‌ച

വീണപൂവേ,നിന്നെയോര്‍ത്ത്...



നീലവാനം കാര്‍മുകിലാല്‍ കണ്ണുകള്‍ മറച്ചു
മാമരങ്ങള്‍ മഞ്ഞുതുള്ളികണ്ണുനീര്‍ പൊഴിച്ചു..!
പൊന്‍കിനാക്കള്‍ കണ്ടിരുന്ന കണ്ണുകള്‍ കലങ്ങി
മുഗ്ദഗാനമാലപിച്ച രാക്കിളി മയങ്ങി...
മാനസത്തില്‍ പൂത്തിരുന്ന പൂക്കളാകെ വാടി
പാതിരാവിലന്നു ഞാനെന്‍ ശോകഗീതം പാടി..!
ഭാവനതന്‍ കൊച്ചുതേരില്‍ വന്നൊരാകിനാക്കള്‍
ഭാവിയില്‍ വിരിഞ്ഞിടാനായ് വെമ്പിയോരാപൂക്കള്‍
മണ്ണില് മണ്ണായ് മറഞ്ഞു മാനസം കരഞ്ഞു
കൈത്തിരി കത്തിച്ചോരാപ്രതീക്ഷകള്‍ കരിഞ്ഞു
എന്തിനായ് വിരിഞ്ഞു?പൂവേ,വാടുവാനായ് മാത്രം
എന്മനസ്സില്‍ നീവരച്ചു വേദനതന്‍ ചിത്രം..!
പൂര്‍ണ്ണചന്ദ്രന്‍ വാനിടത്തില്‍ ചന്ദ്രിക പൂശുമ്പോള്‍
താരകങ്ങള്‍ നീലവാനില്‍ നൃത്തമാടീടുമ്പോള്‍
മാമരത്തില്‍ രാക്കിളികള്‍ പാടിരസിക്കുമ്പോള്‍
കൊച്ചുതെന്നല്‍ മാമരത്തെ തൊട്ടുതലോടുമ്പോള്‍
വീണപൂവേ,നിന്നെയോര്‍ത്ത് മാനസം കരയും
ഹൃത്തിലാകെ ശോകമാം സ്മരണകള്‍ നിറയും..!
(ദേശമിത്രം ആഴ്ചപതിപ്പ് 1960 )

2011, ജൂലൈ 20, ബുധനാഴ്‌ച

അന്വേഷണം



മാനത്ത് രാത്രിയില്‍ കണ്‍മിഴിച്ചീടുന്നോ-
രെന്നോമല്‍ താരകപെണ്ണേ,
രാവിന്റെ മാറത്ത് പാരുറങ്ങീടുമ്പോള്‍
എന്തെ നീ,സ്വപ്നം കാണുന്നൂ..?
നിന്നിണത്താരകം എങ്ങോട്ട് പോയെന്ന്
നോക്കിയിരിക്കുകയാണോ..?
അല്ലാതെയെന്തേ നീ, പാതിരാനേരത്ത്
താഴോട്ടു നോക്കിയിരിപ്പൂ..?
നാണിച്ചിട്ടാണോ നീ വൃക്ഷത്തലപ്പാവി-
ന്നുള്ളിലൂടെത്തിനോക്കുന്നൂ..?
അമ്പിളിപെണ്ണിന്റെ ചുറ്റുമായ്‌ നിന്ന് നീ,
നൃത്തം ചവിട്ടുകയാണോ..?
രാക്കുയിലിന്‍ രാഗഗീതങ്ങള്‍ കേട്ടു നീ,
താളം പിടിക്കുകയാണോ..?
താമരപൊയ്കയില്‍ കണ്ണാടി നോക്കി നീ,
കാവ്യം കുറിക്കുകയാണോ..?
ചൊല്ലുക താരക പെണ്ണേ,നീയെന്താണ്
നിദ്രാവിഹീനയായ് നില്‍പ്പൂ..?
(ദേശമിത്രം-ആഴ്ചപതിപ്പ് 1960 )

2011, ജൂലൈ 19, ചൊവ്വാഴ്ച

വെല്‍വൂതാക..!



സഹ്യനാല്‍ കന്മതില്‍ കെട്ടിയുള്ള
കേരളഭൂവേ,നീ വെല്‍വൂതാക..!
പശ്ചിമസിന്ധുവിന്‍ കൊച്ചലകള്‍
ഓമനച്ചീടുന്ന കേരളമേ,
കല്‍പ്പക വൃക്ഷങ്ങള്‍ തിങ്ങിവിങ്ങി
നൃത്തം ചെയ്തീടുന്ന മാതൃഭൂവേ,
പച്ചപ്പുതപ്പ് പുതച്ചിടുന്ന
പുഞ്ചവയലുകള്‍ എന്തു ചന്തം.!!
കൊച്ചരയന്നങ്ങള്‍ ആഞ്ഞുനീന്തും
കൈത്തോട് കൌതുകകാഴ്ചയല്ലോ...
താമരപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കും
കൊച്ചു തടാകങ്ങള്‍ എത്ര മെച്ചം...
വള്ളിക്കുടിലുകള്‍ തോറുമായി
പാറും ശലഭങ്ങള്‍ എന്തു ചന്തം..!
വൃക്ഷങ്ങള്‍ ചൂഴുന്ന കുന്നുകളും
നീര്‍ച്ചാല്‍ ഒഴുകുന്ന താഴ്വരയും
തിങ്ങിവിങ്ങീടുന്ന കേരളമേ,
എങ്ങിനീ ദാരിദ്ര്യം വന്നുകൂടി..?
ചന്തത്തിലുള്ളതാം കാഴ്ച പക്ഷെ
എന്താവാം പഞ്ഞവും പട്ടിണിയും..?
(ദേശമിത്രം വാരിക 1959 )

2011, ജൂലൈ 18, തിങ്കളാഴ്‌ച

യക്ഷിരാജ്ഞി



നീലവിഹായസ്സില്‍ പണ്ടൊരിക്കല്‍
യക്ഷികള്‍തന്‍രാജ്ഞി വാണിരുന്നു
നീലനയനങ്ങളുജ്ജ്വലങ്ങള്‍
ചേലവകേശം മനോജ്ഞാമല്ലോ...
ചിത്രവര്‍ണോജ്ജ്വലമായി രണ്ട്
പത്രവും ഉണ്ടവള്‍ക്കെന്തു ചന്തം...
ജാലവിദ്യകള്‍തന്‍ശക്തിയുള്ള
മിന്നുന്ന കൊച്ചു വടിയുമായി
നല്ലൊരു രാത്രിയില്‍ യക്ഷിരാജ്ഞി
ഭൂമിയിലേക്കിങ്ങിറങ്ങി വന്നു...
നിദ്രയിലാണ്ടു കിടന്നിരുന്ന
നല്ലൊരു പൈതല്‍തന്‍ചുറ്റുമായി
സുന്ദരിയായുള്ള യക്ഷിയപ്പോള്‍
ഇന്ദ്രജാലത്തിന്റെ വടി ചുഴറ്റി...
നിദ്രയിലാണ്ടുള്ള പൈതലപ്പോള്‍
നല്ല കിനാവുകള്‍ കാണ്‍കയായി...
മത്സ്യം നിറഞ്ഞ ജലാശയങ്ങള്‍,
കായ്കള്‍ നിറഞ്ഞുള്ള ഭൂരുഹങ്ങള്‍,
പൂമണം വീശുന്ന വാടികയില്‍
മിന്നാമിനുങ്ങുകള്‍ പാറിടുന്നു...
നിദ്രയിലാണ്ടു കിടന്നിരുന്ന
പൈതലിന്‍ സ്വപ്നമിതായിരുന്നു...
(ദേശമിത്രം വാരികയില്‍ 1959 ല്‍ പ്രസിദ്ധീകരിച്ച ഈ കവിത
തോമസ്‌ ഹുഡിന്റെ 'ക്യൂന്‍ മേബ്' എന്ന ഇംഗ്ലീഷ് കവിതയുടെ
സ്വതന്ത്ര വിവര്‍ത്തനമാണ്)

കവിതയുടെ നാള്‍വഴികള്‍



ആമുഖം
വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രൈമറി വിദ്യാലയത്തിലും,തുടര്‍ന്ന് ചേര്‍മലയുടെ താഴ്വരയില്‍ പേരാമ്പ്ര ഹൈസ്കൂളിലും ഒരു പൂത്തുമ്പിയെ പോലെ പാറി നടന്നപ്പോള്‍,അന്നും ഇന്നും എന്റെ എന്റെ ഹരമായ കന്നിപ്പാടങ്ങളും അവയ്ക്ക് കസവ് കരയിട്ട് ഒഴുകുന്ന കൈത്തോടുകളും ഉള്ളിലെവിടെയോ തൊട്ടു തലോടിയപ്പോള്‍, നോട്ടുപുസ്തകത്തില്‍ കുറിച്ചിട്ടത്‌ കവിതാശകലങ്ങള്‍ ആയി മാറിയെന്നു മാത്രം. ഈ കൊച്ചു കവിതകള്‍ ദേശമിത്രം,ദേശാഭിമാനി,ചന്ദ്രിക,മാതൃഭൂമി മുതലായ ആനുകാലികങ്ങളില്‍ അച്ചടിച്ച്‌ വന്നപ്പോള്‍ ആ പിഞ്ചുമനസ്സിന്റെ ആഹ്ലാദം അവര്‍ണ്ണനീയമായിരുന്നു.പില്‍ക്കാലത്ത്‌ ഫാറൂക്ക് കോളേജിന്റെ മലയടിവാരത്തില്‍ തനിച്ചിരുന്ന സന്ധ്യകളില്‍ പിറന്നു വീണ വേദനകളുടെ ഈരടികളിലൂടെ എന്റെ സമൂഹത്തിന്റെ നൊമ്പരങ്ങള്‍ സ്വയം ആവാഹിച്ചെടുക്കുകയായിരുന്നു.അര നൂറ്റാണ്ടിനു മുമ്പ് എഴുതപ്പെട്ടതും വാരികകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതുമായ ഏതാനും കവിതകള്‍ 'കാവ്യകൈരളി' എന്ന പേരില്‍ ബ്ലോഗിലൂടെ വീണ്ടും സഹൃദയസമക്ഷം സമര്‍പ്പിക്കുന്നു.കാവ്യസങ്കല്‍പ്പങ്ങള്‍ക്ക് അടിമുടി മാറ്റം വന്ന വര്‍ത്തമാനകാലത്ത് 'കവിതയുടെ നാള്‍വഴികള്‍'എന്ന ഈ പരമ്പര സദയം സ്വീകരിക്കുക.ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ നിന്നും വിവര്‍ത്തനം ചെയ്യപ്പെട്ട 'യക്ഷിരാജ്ഞി' എന്ന കവിതയാണ് കണ്ണൂരില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ദേശമിത്രം ആഴ്ചപതിപ്പില്‍ ആദ്യമായി അച്ചടിച്ച്‌ വന്നത്. തോമസ്‌ ഹുഡിന്റെ 'ക്യൂന്‍ മേബ്' എന്ന കവിതയുടെ വിവര്‍ത്തനഭാഗം പ്രസിദ്ധീകരിക്കപ്പെട്ടത് 1959 ലാണ്.'കാവ്യകൈരളി'യിലെ ആദ്യ കവിതയും ഇത് തന്നെ.(തുടരും)

2011, ജൂലൈ 11, തിങ്കളാഴ്‌ച

പാഥേയം



ജീവിത യാത്രയില്‍ പാഥേയമായ് കൊണ്ടുപോകാന്‍
നിന്നോര്‍മ്മകള്‍, നീ സമ്മാനിച്ച അസുലഭ നിമിഷങ്ങളും...
എല്ലാമെന്‍ മനം കുളിര്‍പ്പിക്കുമാനുഭവങ്ങള്‍ സഖീ,
മനസ്സിന്‍ മണിച്ചെപ്പില്‍ സൂക്ഷിക്കാനേതാനും മണിമുത്തുകള്‍..!
ഏതോ കിനാവിന്റെ തേരില്‍ ഞാന്‍ സഞ്ചാരം തുടങ്ങവേ
കൂടെയുണ്ടായിരുന്നു നീയെന്നരികിലൊരു മാലാഖ പോല്‍
തൊട്ടുണര്‍ത്തുവാന്‍ കുശലം പറയുവാനെപ്പോഴും
വിട്ടുപോകുവാന്‍ മനസ്സ് വരാതെയെന്‍ സവിധത്തില്‍ സഖീ...
തകര്‍ന്ന സ്വപ്നത്തിന്‍ ചിതയെരിഞ്ഞിടുന്നേരം
തളരാതെ സ്വാന്തനസ്പര്‍ശവുമായൊരുനാള്‍ വരില്ലേ വീണ്ടും..?
കാത്തിരിക്കും ഞാന്‍ കല്പാന്തകാലത്തോളം സഖേ,
കാലത്തിന്‍ മറുകരയെത്തും വരെ യാത്രയും തുടര്‍ന്നീടും..!
മഴമേഘങ്ങള്‍ കുട ചൂടുമീ ജനപഥത്തിലെന്‍ യാത്രക്കായ്
വഴിയൊരുക്കീടും കാലം ദിനരാത്രങ്ങള്‍ തന്‍ ചിറകിലേറി വരും..
എന്‍ മാറോട് ചേര്‍ത്തീ പാഥേയം സൂക്ഷിക്കും ഞാനെക്കാലവും
എന്റെ സഞ്ചാര വീഥിയില്‍ പനിനീര്‍ തളിക്കും ഗതകാലസ്മരണകള്‍..
വാചാലമാം മൌനത്തിന്റെ പുറന്തോട് പിളര്‍ന്നെത്തും മൊഴിമുത്തുകള്‍
അമൃതവര്‍ഷമായ് പെയ്തിറങ്ങും വരെ സ്വപ്‌നങ്ങള്‍ നെയ്തിടാം സഖീ..
അടര്‍ത്തി മാറ്റാനാവില്ല..! എന്നെയും നിന്നെയുമൊരിക്കല്‍ പോലും...
അനര്‍ഘനിമിഷങ്ങള്‍ ബന്ധിച്ച ചരടുകള്‍ മുറിക്കുവാന്‍ കഴിയുമോ..?
ഇല്ലന്നെന്‍ മനസ്സ് പറയുന്നു ഈ യാത്ര തീരും മുമ്പേ
വീണ്ടും നാം കണ്ടുമുട്ടും വരെ മോഹങ്ങള്‍ തന്‍ ശയ്യയില്‍ മയങ്ങീടാം... .

2011, ജൂലൈ 2, ശനിയാഴ്‌ച

ഏകാന്തമീരാവില്‍

ഒരു പകല്‍ കൂടിയെരിഞ്ഞടങ്ങി
ഇരുള്‍ മൂടിയ രാവും വന്നണഞ്ഞു...
നിശയുടെയേകാന്തയാമങ്ങളില്‍
നിദ്രാവിഹീനമാം നിമിഷങ്ങളില്‍
കരിന്തിരി കത്തുന്ന മണ്‍ചെരാതിന്‍
അരികത്തിരിപ്പൂ ഞാന്‍ പാതിരാവില്‍...
പോയകാലത്തിന്റെയനുഭൂതികള്‍
അയവിറക്കാനെനിക്കേറെയുണ്ട്...
മധുരവും കയ്പ്പും കലര്‍ന്ന ബാല്യം
ചൈതന്യം വിരിയിച്ച യൌവനവും
എല്ലാമെന്‍ ജീവിതത്താളുകളില്‍
മായാത്ത(മങ്ങാത്ത) വര്‍ണ്ണചിത്രം..!
നിറമാര്‍ന്ന സ്വപ്നങ്ങളന്നു നെയ്തു
നിറയൌവനത്തിന്‍റെ നാളുകളില്‍,
വിരുന്നിനായെത്തിയ പൊന്‍കിനാക്കള്‍
വിലമതിക്കാനാവാത്ത രത്നങ്ങളായ്...
മയില്‍‌പീലിതുണ്ടുകളെന്ന പോലെ
മനസ്സില്‍ ഞാന്‍ സൂക്ഷിച്ചു വെച്ച കാലം,
മറവിതന്‍ യവനിക നീക്കി മെല്ലെ
മരതകമുത്തായ്‌ ഞാനോമനിക്കും..!
ഇരുളിന്റെ നനവാര്‍ന്ന മാറിടത്തില്‍
ഒരു ചാറ്റല്‍മഴ പോലെ പെയ്തിറങ്ങും,
ഈ രാവുമതിലൂറുമോര്‍മ്മകളം
തീരാതിരുന്നെങ്കിലെന്നുമെന്നും..!

2011, മേയ് 7, ശനിയാഴ്‌ച

ലാല്‍ബാഗിലെ സന്ധ്യകള്‍

ഇവിടെയീയുദ്യാനനഗരയിലെ
മനം കവരും പൂങ്കാവനത്തില്‍
ചില്ലുകൊട്ടാരത്തിന്നരികിലായ്
പുല്‍മെത്തയിലെകാന്തനായ്
സന്ധ്യതന്നരുണിമ നുകരുവാന്‍
വന്നിരിപ്പൂ ഞാനീ സായംസന്ധ്യയില്‍...
നഗരത്തിരക്കില്‍നിന്നുമൊളിച്ചോടി
ഏകാന്തതതന്‍ തുരുത്ത് തേടി
ഗൃഹാതുരത്വത്തിന്‍ മധുരം നുകരാന്‍
രാജകീയോദ്യാനമാം ലാല്‍ബാഗല്ലാതെ
മറ്റേതുണ്ടിടമീ തിരക്കേറും മഹാനഗരത്തില്‍..?
ബോഗൈന്‍വില്ലതന്‍ ചോട്ടില്‍
ഏകനായ് ഏകാന്തനായ് ഞാനിരിപ്പൂ...
നിറയെ പൂക്കള്‍ പേറും പനിനീര്‍ ചെടികളും
കുടമുല്ലപ്പൂക്കള്‍തന്‍ സൌരഭ്യവും
ചേക്കേറാന്‍ തിടുക്കത്തില്‍ പറന്നകലും
പറവകള്‍ തന്‍ കിളിക്കൊഞ്ചലുകളും
കളിപ്പോയ്കയില്‍ നിന്നെത്തും കുളിര്‍ തെന്നലും
മനസ്സില്‍ വിളയിച്ച മധുരമുന്തിരി തോപ്പും
മറക്കുവാന്‍ കഴിയില്ലൊരിക്കലും
മഴവില്ലിന്‍ വര്‍ണ്ണരാജി പോല്‍ തെളിയുന്നിതെപ്പോഴും...
കാലം മായ്ച്ചിട്ടും മായാത്ത ഓര്‍മ്മച്ചെപ്പുമായ്
വന്നിരിപ്പൂ ഞാനിവിടെയീ സന്ധ്യയില്‍...

2011, ഏപ്രിൽ 24, ഞായറാഴ്‌ച

പോക്കുവെയില്‍

പുഴയുടെ മേനിയിലീമൂവന്തിയില്‍
പോക്കുവെയില്‍ പൊന്നണിയിക്കെ,
തീരം തഴുകിയെത്തും കുളിര്‍കാറ്റില്‍
പാരിജാതത്തിന്‍ ഗന്ധം...
ഞാനുമെന്‍ കളിത്തോഴിയും
പുഴയോര മണല്‍ തിട്ടില്‍
സ്വപ്‌നങ്ങള്‍ പകുത്തെടുത്ത-
തിന്നലെ കഴിഞ്ഞ പോല്‍...
അനുഭൂതികളോരായിരം
പെയ്തിറങ്ങിടും തീരം
പറുദീസകള്‍ തീര്‍ത്ത
ദിനങ്ങള്‍ കൊഴിഞ്ഞു പോയ്‌
വിരഹനൊമ്പരത്താലെ
പിടയുമെന്‍ ചിത്തത്തെയും
ഇരുള്‍ മൂടുകയായി...
വിജനമാം തീരത്തെയും..!