2009, ഒക്‌ടോബർ 18, ഞായറാഴ്‌ച

ഒരു വിളിപ്പാടകലെ


ഒരു വിളിപ്പാടകലെ നീ വന്നു നിന്നപ്പോളെന്‍
കരളില്‍ കിനാവിന്‍റെ തേന്‍മഴ പെയ്തു സഖീ
വിളിക്കാതെയെത്തിയോരതിഥിയായ് നീ
കളിക്കൂട്ടുകാരിയായ്‌ ജീവിതം പങ്കിട്ടപ്പോള്‍
ഓര്‍ത്തില്ലയൊട്ടും വീണ്ടും കണ്ടുമുട്ടിടുമെന്ന്
ഓര്‍മ്മകള്‍ പുതുക്കുവാനവസരമുണ്ടായല്ലോ...
എന്തിന് വീണ്ടും സഖീ വന്നു നീ മനസ്സിന്റെ
നൊമ്പരം തീര്‍ക്കാനായി ജീവിത പങ്കാളിയായ്
കാലത്തിന്‍ പ്രയാണത്തില്‍ വേര്‍പിരിഞ്ഞവര്‍ നമ്മള്‍
ലോലമാം ഹൃദന്തത്തിന്‍ തന്ത്രികള്‍ മുറിയവേ..!
ചിറകുകള്‍ മുളയ്ക്കാത്ത പൊല്‍ക്കിനാവുകള്‍ തേടി
ഉറക്കമിളച്ചു നാമെത്രയോ കാഴ്ഞ്ഞില്ലേ..?
കണ്ടതെല്ലാം പാഴ്ക്കിനാവുകളെന്നറിഞ്ഞു നാം
വീണ്ടുമീ സംഗമമൊട്ടും നിനയ്ക്കാതെ..!
കയ്യെത്തും ദൂരത്ത് നീ സാന്നിധ്യമറിയിച്ചു
വയ്യെനിക്കെല്ലാം മറക്കുവാനോമലാളെ...







2009, ഒക്‌ടോബർ 17, ശനിയാഴ്‌ച

ആത്മരോദനം

ഒരു തേങ്ങല്‍
എന്‍ ഹൃദയാന്തരാളത്തില്‍നിന്നുതിരും
ആത്മരോദനം കേള്‍ക്കുന്നില്ലേ..?
പിന്നിട്ട വഴികളില്‍
കണ്ണുനീര്‍ ചാലുകള്‍ മാത്രം..!
കിളിവാതിലുകള്‍ കൊട്ടിയടച്ചൊരീ
മുറിയില്‍ ഞാനേകനായ്
ഇരുട്ടിന്റെ കൂട്ടുകാരനായിരിക്കവേ
ഓര്‍ക്കുകയാണെന്‍ പൊയ്പോയ നാളുകള്‍
അഭിശപ്തമൊരു ജന്മത്തിന്‍ ബാക്കിപത്രം..!
ഒരു സ്വാന്തനത്തിന്‍ മൃദുസ്പര്‍ശമേല്‍ക്കുവാന്‍
ഏറെ കൊതിപൂണ്ട്‌ നിന്നൊരാ വേളയില്‍
കേട്ടില്ല ഞാനൊരു കാല്‍പെരുമാറ്റവും...
ഏകാന്തമീ മുറി തടവറ തീര്‍ക്കയായ്‌
ഈ ദുഃഖ സാഗരത്തില്‍ നിന്നൊരു നാളിലും
മോചനമില്ലേ?ചിന്തിച്ചു പോയി ഞാന്‍..!
എന്നാല്‍മരോദനം കേള്‍ക്കുവാനാരുണ്ട്..?
എന്നു വന്നെത്തിടുമെന്നുടെ രക്ഷകന്‍..?

2009, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

മുഖം നഷ്ടപ്പെട്ടവന്‍


എപ്പോഴാണ്എവിടെയാണ്
എനിക്കെന്‍ മുഖം നഷ്ടമായത്..?
ഇന്നും ഉത്തരം കിട്ടാ ചോദ്യമായ്
എന്നെ പിന്തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ..!
കുഞ്ഞും നാളില്‍ എന്റെ മുഖം
എത്ര നിഷ്കളങ്കമായിരുന്നു..?
പൂക്കളോടും പൂമ്പാറ്റകളോടും
കുശലം പറഞ്ഞു നടന്ന കാലം
പുഞ്ചിരിയും നൈര്‍മ്മല്യവും
പൂത്തുലഞ്ഞ മുഖമായിരുന്നു...
പില്‍ക്കാലത്ത്‌ യുവത്വത്തിന്റെ നാളുകളില്‍
ചെറുത്തു നില്‍പ്പിന്റെ വീര്യം മുറ്റി നിന്ന മുഖം
ഉദ്യോഗം ഭരിച്ചിരുന്ന കാലം
അധികാര ഗര്‍വ്വ് മുദ്ര ചാര്‍ത്തിയ മുഖം...
വാര്‍ദ്ധക്യത്തിനും യൌവനത്തിനുമിടയില്‍
വാത്സല്യവും സ്നേഹവും അനുരാഗവും
വാരിക്കോരി നല്കിയ മുഖം
അതായിരിക്കാം എനിക്ക് വിധിക്കപ്പെട്ട
യഥാര്‍ത്ഥ മുഖം..!അതാണെനിക്ക് കൈമോശം വന്നതും
എന്റെ പഴയ മുഖം എന്നെങ്കിലും
എനിക്ക് തിരിച്ചു കിട്ടുമോ..?പറയൂ സുഹൃത്തെ,പറയൂ...



2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

സ്നേഹതീരം തേടി

വിടപറയാന്‍ ഞാന്‍ വന്നപ്പോള്‍ നിന്‍
മിഴികള്‍ നിറഞ്ഞുവോ? വിതുമ്പിക്കരഞ്ഞുവോ?
കവിളിണകളില്‍ തെളിഞ്ഞോരരുണിമ മാഞ്ഞുവോ
പരിഭവം നടിച്ചു നീ നിന്നതെന്തേ സഖീ?
വേര്‍പാടിതനിവാര്യമാണെന്നറിയില്ലേ?വാനില്‍
കാര്‍മേഘപാളികള്‍ നിറയുമീ സന്ധ്യയില്‍...
നിമിഷങ്ങള്‍ക്കകമിരുള്‍ പരക്കും നാട്ടുവഴികളിലും
തമ്മില്‍ തമ്മില്‍ നോക്കി നിന്നിടും നമ്മളിലും
വഴിയറയാതുഴലും പഥികര്‍ നാമെത്തിയതീ
പാഴ്മരുഭൂവില്‍ തളര്‍ന്നു വീഴാന്‍ മാത്രം ..!
ഒരുതുള്ളി കണ്ണുനീരുറ്റി വീണുവോ,മുഖം
വാടിയോ ?മനസ്സിന്‍റെയിടനാഴികളില്‍ ...
ഇടറും കണ്ഠത്തില്‍ നിന്നുതിരും തേങ്ങലുകള്‍
കളിക്കൂട്ടുകാരീ, നിന്നെ പിരിയും നേരം പ്രിയേ..!
പുതിയൊരു ജന്മം തേടി പോകാനോ സമയമായ്‌
പതിയെ ചെന്നെത്തണം വിടചോല്ലട്ടെ സഖീ
ദൂരെ ദൂരെയേതോ സ്നേഹതീരവും തേടി -
യലയും രണ്ടാത്മാക്കള്‍ കല്‍പാന്തകാലത്തോളം..!

2009, ഒക്‌ടോബർ 3, ശനിയാഴ്‌ച

വീണ്ടുമൊരിക്കല്‍

നെടുവീര്‍പ്പുകളെന്‍ ചുടു നിശ്വാസങ്ങള്‍
കൊടുങ്കാറ്റായ് മാറി താണ്ടവമാടവേ,
കടപുഴകി വീഴുമൊരു തണല്‍ മരം തേടി
കൂടണയാതെയാകിളികള്‍ പറന്നുപോയ്!
ഏതോ നിയോഗം പോല്‍ വന്നതാണിവിടെ
ചേതോഹരമാം ആരാമ വീഥിയില്‍...
കണ്ടുമുട്ടി നാം പ്രിയ സഖീ ജീവിതം
ചെണ്ടുകള്‍ തുന്നിയ പട്ടമായ്‌ മാറിയോ?
മായാമരീചിക കണ്ടു മയങ്ങിയ
മാനസമെന്തിനോ തേങ്ങിക്കരഞ്ഞുവോ?
ഇവിടെയെന്‍ സ്വപ്നകൂടാരങ്ങളൊക്കെയും
ഈറന്‍ നിലാവിലലിഞ്ഞുപോയോമലേ...
ഇടമുറിയാതെ പെയ്യുമീ മഴയത്ത്
വിട പറയാന്‍ പോലുമാവില്ലയോര്‍ക്കുക
ചുണ്ടുകളെന്തോ പറയാന്‍ വിതുമ്പിയോ?
വീണ്ടുമൊരിക്കല്‍ നാം കണ്ടുമുട്ടീടുമോ?
എങ്കിലെന്‍ ഹൃത്തിലെ പൂവാടിയില്‍ പൂത്ത
ചെണ്ടുമല്ലിപ്പൂക്കള്‍ ചൂടിക്കും നിന്നെ ഞാന്‍...