2012, നവംബർ 22, വ്യാഴാഴ്‌ച

മജ്നു


തീയെരിയുന്നെന്‍ ചുറ്റിലുമിന്ന്‍
നീയകന്നൊരാ നാള്‍ മുതല്‍..
ഈ മണല്‍ക്കാട്ടിലെന്‍ കിനാവുകള്‍
ഓമലെ,വീണുടഞ്ഞുപോയ്‌..!
സ്വര്‍ഗ്ഗസുന്ദര ദീപ്തി ചിന്നുമെന്‍
സ്വപ്നവാടിക പൂക്കവെ
നീയണഞ്ഞു മല്‍ചേതന തന്നില്‍
മായികമാം പ്രതീക്ഷകള്‍,
തീര്‍ക്കുവാനെന്‍  മനസ്സരസ്സിലെ
നീര്‍ക്കുമിളകള്‍ പോലവെ..!
ലൈല ലൈലയെന്നെപ്പൊഴും മന
മാലപിച്ചോരാ നാള്‍കളില്‍
വേര്‍പിരിയുമെന്നോര്‍ത്തതില്ല ഞാന്‍
വേദനകളുമേന്തി നാം..!
നീലവിണ്ണിന്നകത്തളങ്ങളില്‍
നിലാവെളിച്ചമുറങ്ങവെ,
ദൂരെ ദൂരെ പടനിലങ്ങളില്‍
പോര്‍വിളികളുയരവെ,
നീ മയങ്ങിയെന്‍ മാറിലോമലെ,
നാമലിഞ്ഞൊന്നായ്തീര്‍ന്ന നാള്‍..!
നിന്മിഴികളില്‍ വേദനകള്‍ തന്‍
നീരുറവകള്‍ കണ്ടു ഞാന്‍..!
കാത്തിരുന്നെന്‍ കിനാവിലെത്തിയ
കാവല്‍ മാലാഖയാണ് നീ...
കണ്മുനയാല്‍ കവിത നെയ്തു നീ
കണ്മണീ,നീയകന്ന നാള്‍...
പൊള്ളിടും വെയില്‍ പൂനിലാവായെന്‍
പൊല്‍ക്കിനാക്കള്‍ തഴുകവെ...
മാരിവില്ലുകള്‍ മാഞ്ഞുപോയിന്നെന്‍
മായികമാം പ്രതീക്ഷകള്‍
ഈ മണല്‍ക്കാട്ടില്‍ വീണുടഞ്ഞു പോയ്‌
ഓമലെ,നീയകന്ന നാള്‍..!
വേര്‍പിരിയുമെന്നോര്‍ത്തതില്ല ഞാന്‍
വേദനകളുമേന്തി നാം.!!

(വടകര നിന്നും പ്രസിദ്ധപ്പെടുത്തിയിരുന്ന
കടത്തനാട് ടൈംസില്‍ പ്രസിദ്ധീകരിച്ചത്) 

2012, നവംബർ 21, ബുധനാഴ്‌ച

കണ്ണീര്‍മുത്തുകള്‍


ഓര്‍മ്മയിലെന്‍ ജീവനിലൊഴുകും ചൈതന്യത്തിന്‍
കര്‍മ്മഭൂമിയില്‍ പിറന്നന്നു നീ നൃത്തം വയ്ക്കേ,
കരയാനല്ലെന്‍ മനസ്സാശിച്ചതടങ്ങാത്തോ
രിരവിന്‍ കണ്ണീരല്ലെന്നോമലെ , കൊതിച്ചു ഞാന്‍..!
പൂത്തിലഞ്ഞികള്‍ പൂത്ത കദളിക്കാവിന്‍ ചാര
ത്തിത്തിരി പ്പൂക്കള്‍ നിന്ന് പുഞ്ചിരിക്കൊള്ളുന്നേരം,
മുന്തിരിച്ചാറും പുത്തന്‍ പാനപാത്രവും കയ്യി
ലേന്തിനീയണയുമ്പോളായിരം കിനാക്കളില്‍ 
പൂവണിഞ്ഞതാണേറെ കനകപ്രതീക്ഷകള്‍
ജീവിതവസന്തത്തില്‍ ചൂടുവാനൊരുദിനം..!
നാളുകള്‍ കഴിഞ്ഞുപോയ് പലതും കിനാവുപോ
ലൊളിച്ചു ഹൃദയത്തില്‍ പച്ചയായിന്നും നില്‍പ്പൂ,
നിന്മൃദുഹാസങ്ങളും കാല്‍ചിലമ്പൊലികളും
തംബുരു മീട്ടും വീണാനാദവുമെന്നോര്‍മ്മയില്‍..!
ഒരു പൂക്കൊഴിഞ്ഞാലെന്‍ ഹൃദയം നോവും നിന്നി
ലുരുകും കരളിന്റെ  മുരളീരവങ്ങളില്‍
കേള്‍ക്കുവാനശക്തനാണോമലെയെന്നോര്‍മ്മയില്‍
നാള്‍ക്കുനാളുയരുന്ന നെടുവീര്‍പ്പുകള്‍ വീണ്ടും..!
ഇന്നലെ കിനാവിലെന്‍ മുന്നില്‍ വന്നണഞ്ഞു നീ
ചിന്നിയ പൂപ്പുഞ്ചിരി കണ്ടുഞാനുറങ്ങവേ,
എന്തിനെന്‍ ചാരത്തെത്തി കിന്നാരം പറയുവാ
നെന്തിനെന്‍ തോളില്‍ത്തട്ടി കടക്കണ്ണെറിഞ്ഞു നീ..?
ഓര്‍മ്മതന്‍  (മരവിച്ചോരോര്‍മ്മതന്‍) വാതില്‍ക്കല്‍ നീ
വന്നതിതിടുക്കത്തില്‍ മുട്ടിയതെന്തേ സഖീ..?
നിന്മിഴിക്കോണില്‍ തങ്ങും നീര്‍മണിമുത്തില്‍ തട്ടി
ചിന്നിടും പ്രകാശത്തില്‍ ഞാനലിഞ്ഞില്ലാതാവും..!
അന്നു നീ മുന്നില്‍ വന്നു നിന്നിടും നേരത്തെന്നും
പൊന്നുഷസ്സണയും മല്‍ചിത്തവും മിഴികളും..!
പാദപങ്കജങ്ങളില്‍ കാല്‍ചിലങ്കകള്‍ കെട്ടി
പാതിയും തുറക്കാത്ത കണ്‍കളില്‍ കിനാവുമായ് ...
ഹൃദയം ഹൃദയത്തിലലിയും താളത്തില്‍ നീ
മൃദുലാംഗങ്ങള്‍ ചലിപ്പിച്ചന്നേറെ നൃത്തം വയ്ക്കേ,
തപ്തമാം ഹൃദയത്തിന്‍ മരുപ്പച്ചയില്‍ പിറ
ന്നത്ഭുതചിത്രം വരച്ചന്നു നീ മറഞ്ഞപ്പോള്‍,
ഒന്നുമില്ലെനിക്കേകാന്‍ കരളിന്‍ കുടീരത്തില്‍
ഓര്‍മ്മകള്‍ കൊരുത്തൊരീ പൂമലര്‍ച്ചെണ്ടല്ലാതെ..!

(1966 ഡിസംബറില്‍ ചന്ദ്രിക ആഴ്ചപതിപ്പില്‍
പ്രസിദ്ധീകരിച്ച കവിതയില്‍ ചെറിയ മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ട്)



2012, നവംബർ 20, ചൊവ്വാഴ്ച

വെള്ളിലപ്പൂക്കള്‍




വെള്ളിലപ്പൂക്കളെ മണ്ണിന്‍ കിനാക്കളെ
വള്ളിക്കുടില്‍കള്‍തന്‍ മങ്കമാരെ,
വെണ്ണിലാച്ചോലയില്‍ മുങ്ങിക്കുളിക്കുവാന്‍
പെണ്ണുങ്ങളെ,നിങ്ങള്‍ പോന്നിടാമോ..?
നിങ്ങള്‍ക്കുടുക്കുവാനാവണിചന്ദ്രിക
നെയ്തൊരാ പട്ടുടയാട കണ്ടോ..?
നിങ്ങള്‍ക്കണിയുവാന്‍ താരകുമാരികള്‍
ഭംഗിയില്‍ കോര്‍ത്തൊരാ മാല കണ്ടോ..?
വിണ്ണിലെ ചോലയിലാറാടുമായിരം
അപ്സരകന്യകളെന്നുമെന്നും
വെള്ളിലപ്പൂക്കളെ,നിങ്ങള്‍തന്‍ ഭംഗിക
ണ്ടുല്ലസിച്ചീടും കഥകള്‍ കേട്ടോ..?
രാവിന്റെ മൂകമാം  വീണയിലെന്‍കരള്‍
രാഗസംഗീതം മുഴക്കിടുമ്പോള്‍,
പോരിക നിങ്ങളെന്‍ വെള്ളിലപ്പൂക്കളെ,
പൊന്നിന്‍കിനാക്കളെ പൂനിലാവില്‍
നീന്തിക്കുളിക്കുളിക്കുവാന്‍ മാലാഖമാര്‍ തരും
സിന്ദൂരമെന്നും ചാര്‍ത്തിടുവാന്‍ ..!
ചക്രവാളത്തിന്റെ കല്‍പ്പടവിങ്കലാ
യിത്തിരി നേരമിരുന്നിടാമോ..?
മാരിവില്‍ മാഞ്ഞിടും മാനത്തിലായിര
മാതിരാത്താരകള്‍ മിന്നിടുമ്പോള്‍,
വെള്ളിലപ്പൂക്കളെ,മണ്ണിന്‍ കിനാക്കളെ
വള്ളിക്കുടിലിന്റെ റാണിമാരെ,
വെണ്ണിലാചോലയില്‍ നീന്തിത്തുടിക്കുവാന്‍
പെണ്ണുങ്ങളെ,നിങ്ങള്‍ പോന്നിടാമോ..?

(1965 ല്‍  മാതൃഭൂമി ആഴ്ചപതിപ്പിന്റെ
ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചത്)



2012, നവംബർ 19, തിങ്കളാഴ്‌ച

കരളിന്‍ കതക് തുറക്കൂ..!


വേദനയുടെയെരിതീനാളത്തില്‍
വേവും ഹൃദയ തലത്തില്‍
കടന്നുവന്നവള്‍ നീയെന്‍ കരയും
കരളിന്‍ കതക് തുറക്കൂ..!
മണിയറ തന്നില്‍ മണിമഞ്ചത്തില്‍
മയങ്ങിടും മമ ഹൃത്തില്‍
മധുവൂറും നിന്‍ ചഷകമൊരുക്കിയ
സുധ നീ പകരുകയില്ലേ..?
കനകനിലാവിന്നോളങ്ങളിലൂ
ടനുരാഗത്തിന്‍ തോണി
ചന്ദനസുരഭില മന്ദാനിലനില്‍
സുന്ദരസ്വപ്നക്കടവില്‍
അണയാനെന്നും കുതിച്ചിടുമ്പോള്‍
അരളി പൂക്കള്‍ തുടിയ്ക്കേ
ചുകന്ന തെക്കന്‍ വിണ്‍ചരിവില്‍നി
ന്നകലുമൊരന്തിത്താരം..!
വിറയ്ക്കയാണെന്‍  കരളിന്‍നൊമ്പര
മറിഞ്ഞിടും പൊല്‍ത്താരം.!!
ഏദനിലന്നു പിറന്നു യുഗങ്ങള്‍
വേദന തിന്നു വളര്‍ന്നു...
മാലിനി തീരത്തോടി നടന്നു
മജുനുവിലന്നു പുലര്‍ന്നു...
സ്ന്ഹമതാണവളീമരുഭൂവിന്‍
ദാഹം തീര്‍ക്കാന്‍ വന്നു..!
വേദന കൊണ്ട് പിടയ്ക്കും മാമക
ഹൃദയത്തിന്‍ ചുടുനീരില്‍
കനത്തുറഞ്ഞോരോര്‍മ്മകള്‍തന്നുടെ
കദനക്കടലിന്‍ കരയില്‍
കരഞ്ഞിരിക്കും ഹൃദയ സഖീയെന്‍
കരളിന്‍ കതകു തുറക്കൂ..!

(1964 മെയ് മാസത്തിലെ ഒരു ലക്കം
ചന്ദ്രിക ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചത്)


2012, നവംബർ 18, ഞായറാഴ്‌ച

വേദനയുടെ ഗാനം


ഇണ്ടലുമായി പൂവാടിക തോറും
തെണ്ടി നടക്കും കരിവണ്ട് പാടും
പാട്ടുകള്‍ (വേദന വിങ്ങും കഥകള്‍ )
കൂട്ടുകാര്‍ നിങ്ങള്‍ ചെവിക്കൊണ്ടിടാമോ..?
വിണ്ണിലിന്നായിരം ദീപം തെളിഞ്ഞു...
മണ്ണിലെന്നോമല്‍ക്കിനാക്കള്‍ കരിഞ്ഞു..!
കണ്ണുനീരെന്‍ മിഴിക്കോണില്‍ നിറഞ്ഞു.!!
എന്‍ ചിറകുകളിന്നേവം കുഴഞ്ഞു...
മല്‍ജീവിതത്തിന്‍ നിലാവ് പൊഴിഞ്ഞു..!
ഇന്നലെ ചന്ദ്രിക ചിന്നിയ രാവില്‍
മിന്നിയോളാണവളെന്‍പൊല്‍ക്കിനാവില്‍
ചുണ്ടിലെന്‍ ഗാനവുമായി ഞാനെന്നും
പൂന്തേന്‍  നുകര്‍ന്ന് പറന്നു രസിച്ചു..!
തെണ്ടിത്തിരഞ്ഞു ഞാനിന്നണഞ്ഞപ്പോള്‍
കണ്ടില്ലയെന്‍ പനീര്‍പ്പൂവിനെ മാത്രം.!!
വേദനയാളിപ്പടരും മനസ്സില്‍
ചേതന പാടുമീ ഗാനങ്ങളെന്നും
ചൂളം വിളിക്കുമാതെന്നലിനൊപ്പം
മൂളിടാറുണ്ടെന്‍ നുറുങ്ങും ഹൃദന്തം..!

(1963 ജൂണിലെ ഒരു ലക്കം ചന്ദ്രിക
ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചത്)


2012, നവംബർ 17, ശനിയാഴ്‌ച

പവിഴമാല


വേദന വിങ്ങിക്കരഞ്ഞിടുമെന്‍
ഹൃദയാന്തരാളത്തില്‍ നിന്ന്‍ പൊങ്ങും
കവിതാശകലങ്ങളാണിതൊക്കെ
കരയും കിനാവുകളാണിതൊക്കെ..!
നാളുകളേറെയായ് നാദമോലും
നാളം തിരഞ്ഞു നടന്നിടുന്നു...
ഇന്നേവരേക്കും ഞാന്‍ കണ്ടതില്ല
മന്നിലെന്‍ ദേവിയണഞ്ഞതില്ല..!
ചന്ദനത്തെന്നലിന്‍ തോളിലേറി 
ചക്രവാളത്തിന്‍ പടവുകേറി
ആയിരമാശകള്‍  പൂവിടുമ്പോള്‍
ആത്മാവിലാത്മാവലിഞ്ഞിടുമ്പോള്‍
ഓണമണയുമ്പോള്‍ കാട്ടുമുല്ല
നാണം കുണുങ്ങിച്ചിരിച്ചിടുമ്പോള്‍
ഓമലെ,നിന്നെ ഞാന്‍ കാത്തിരുന്നു
താമരപ്പൊയ്കക്കടവുകല്ലില്‍..!
ചെമ്പവിഴങ്ങളും മുത്തുകളു
മെമ്പാടും കോര്‍ത്തൊരു മാല കെട്ടി
നിന്‍ കഴുത്തിങ്കലണിയിക്കുവാന്‍ 
എന്കരളേറെ കൊതിച്ചിരുന്നു...
പാലൊളിതൂകുമാ ചന്ദ്രലേഖ
നീലവാനിങ്കലണഞ്ഞിടുമ്പോള്‍ 
കാര്‍മുകില്‍ തുണ്ടുകളോടിവന്നി
ട്ടാമുഖം പൊത്തിക്കളിച്ചിടുമ്പോള്‍
കാത്തിരിക്കാറുണ്ടെന്‍ ദേവതിക്കീ
മുത്തണിമാലയൊന്നേകുവാനായ്..!
എത്രയോ പൊന്നിന്‍ കിനാവുകള്‍ തന്‍ 
ചിത്രങ്ങളെത്ര വരച്ചു മായ്ച്ചു..!
പൊട്ടിച്ചിരിച്ചാര്‍ത്തു പാഞ്ഞിടുമീ
കാട്ടാറിന്നക്കരെപച്ചയിങ്കല്‍
വന്നതില്ലെന്നോമല്‍ ദേവത നീ
യെന്നുപഹാരത്തെ സ്വീകരിക്കാന്‍..!

(1963 മേയ് മാസത്തിലെ ഒരു ലക്കം ചന്ദ്രിക
ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചത്)



2012, നവംബർ 16, വെള്ളിയാഴ്‌ച

വെള്ളാമ്പലുകള്‍



അന്തിതന്‍ സന്ദേശമോതുവാനായന്നെ
ന്നന്തികെ മന്ദാനിലന്‍ വന്നണയവേ,
ചക്രവാളത്തിന്റെ നെറ്റിത്തടത്തില്‍നി
നിന്നുറ്റിറ്റി വീഴുന്ന രക്തബിന്ദുക്കളാല്‍
ചെന്നിറമോലുമായാ റ്റിന്‍ കരയിലെ
കന്നിവയലിന്റെയോരത്ത് കൂടി ഞാന്‍
മൂകനായേകാന്തചിന്തയുമായി നീ
ലാകാശ ഭംഗി നുകര്‍ന്ന് നടക്കവേ,
പാടത്തിനക്കരെ മന്ദമൊഴുകുമാ
ത്തോടിനു തൊട്ട തൊടുകുറി പോലവേ
വെള്ളാമ്പലുകള്‍ തലകാട്ടി നില്‍ക്കയായ്
വെള്ളിമേഘങ്ങളാ നീലംബരത്തിലും..!
എത്തിയാ തോടിന്നിരുകര തന്നിലെ
ആറ്റുവഞ്ഞിക്കാട്ടിലൂടെയാ ബാലകര്‍
(മണ്ണിന്റെ മക്കളാണാ ബാലസംഘത്തി
ലംഗങ്ങളായുള്ള കുഗ്രാമബാലകര്‍..!)
കൈക്കുമ്പിളേന്തിയിട്ടാമ്പലിറുക്കുവാനി
ക്കുളം തന്നിലണഞ്ഞവരാണവര്‍...
എന്തിനിപ്പോവുകളെന്നു ചോദിച്ചു പോ
യന്തികത്തെത്തവേയാകാംക്ഷയോടെ ഞാന്‍..
കുട്ടികളീവിധമോതി "" ആ പൂക്കള്‍ തന്‍
മൊട്ടുകള്‍ തിന്നുവാനേറ്റം വിശേഷമാം''
ആമ്പല്‍ക്കുളത്തിലിറങ്ങിയാ കുട്ടികള്‍
ആമ്പലിന്‍ മൊട്ട് പിഴുതെടുത്തീടവേ,
അംബരമച്ചിലിരുന്നുകണ്ണീരുമായ്
അമ്പിളി മണ്ണിനെ നോക്കിനാന്‍ മൂകനായ്‌..!

(മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍
1962 ലെ ഒരു ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)


2012, നവംബർ 15, വ്യാഴാഴ്‌ച

പൂക്കാലം


മന്നിടമെങ്ങും തൂമണമേകാന്‍
വന്നുപിറന്നു പൂക്കാലം...
നീലക്കാടുകള്‍ പച്ചക്കുന്നുകള്‍
നീളെ പൂക്കളുണര്‍ന്നല്ലോ..!
മഴവില്ലേകിയ ചന്തം ചിന്നിടു
മഴകില്‍ താമര വിരിയുന്നു...
മഞ്ഞിന്‍ തൊപ്പിയണിഞ്ഞ മുരിക്കിന്‍
കുഞ്ഞിക്കൈകള്‍ ചുവന്നല്ലോ..!
വണ്ടുകളിണ്ടല്‍  കൂടാതെങ്ങും
തെണ്ടുകയായ് പൂച്ചെണ്ടുകളില്‍
പൂങ്കാവുകളില്‍ തേന്മാവുകളില്‍
പൂങ്കുയില്‍ ഗാനമുതിര്‍ക്കുന്നു...
അന്തി മയങ്ങും നേരം സുന്ദര
ഗന്ധമടിയ്ക്കും മുല്ലകളില്‍
നെടുവീര്‍പ്പിന്നല പെയ്യുകയായി
ചുടുകാറ്റോടി പുണരുമ്പോള്‍...
ചെമ്പനിനീരും ചെമ്പക മലരും
തുമ്പപ്പൂവും വിരിയുന്നു...
പൂമ്പാവാടയുടുത്ത് കുണുങ്ങും
തുമ്പികളാടിപ്പാറുന്നു...
മന്നിടമെങ്ങും പൂമണമേകാന്‍
വന്നുപിറന്നു പൂക്കാലം...
നീലക്കാടുകള്‍ പച്ചക്കുന്നുകള്‍
നീളെ പൂക്കളുര്‍ന്നല്ലോ..!

(1962 സെപ്തംബര്‍ 6 ലെ മാതൃഭൂമി
ആഴ്ചപതിപ്പിന്റെ ബാലപംക്തിയില്‍
പ്രസിദ്ധീകരിച്ചത്)



2012, നവംബർ 14, ബുധനാഴ്‌ച

ചന്ദ്രനിലെത്തി..!


അന്തി മയങ്ങിയന്നെങ്ങും നിലാവിന്റെ
മുന്തിരിച്ചാറിലലിഞ്ഞു..
അമ്പിളിമാമനാ വിണ്ണിന്‍ ചരിവില്‍നി
ന്നമ്പോടെയൊന്നെത്തി നോക്കി...
വിണ്ണിന്റെ രമ്യത കണ്ടു മയങ്ങിടും
മണ്ണില്‍ കിടന്നുറങ്ങീടും,
എന്കരള്‍വാടിയിലായിരമായിരം
തങ്കക്കിനാക്കളുതിര്‍ന്നു..!
താരകപ്പൂക്കള്‍ പതിച്ച കിനാവിന്റെ
തേരില്‍ ഞാനേറിപ്പറന്നു.!!
വെള്ളിമേഘങ്ങള്‍ തന്‍ നര്‍ത്തനവേദിയില്‍
തുള്ളിടും ദേവകളെല്ലാം
മോഹനമായോരാ ഗാനവുമായെന്നെ
യിമ്പമോടന്നെതിരേറ്റു..!
ആനന്ദമോടെയവിടെയും നിന്ന് ഞാന്‍
ചന്ദ്രനിലേക്ക് പറന്നു..!
ഏറെ നാളായി ഞാനാശിച്ചിരുന്നതാം
എണാങ്കമണ്ഡലം പൂകി.!!

(1962  ജനുവരി 21  ലെ മാതൃഭൂമി ആഴ്ചപതിപ്പിന്റെ
ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ച കവിത) 


2012, നവംബർ 13, ചൊവ്വാഴ്ച

കൈരളിപ്പൂങ്കാവില്‍


കൈരളിതന്‍ പൂങ്കാവില്‍  ഞാനൊരു
കരിവണ്ടായി ജനിച്ചെന്നാല്‍
വള്ളത്തോളിന്‍ മഞ്ജരി തോറും
തുള്ളിപ്പാറി നടക്കും ഞാന്‍..!
തുഞ്ചന്‍ തന്നുടെ ശാരികയോതും
പഞ്ചാരത്തേനൊഴുകീടും
മലയാളത്തിന്‍ മലര്‍വാടികയില്‍
മധുവും തേടി നടക്കും ഞാന്‍..!
വീണുകിടക്കും പൂവിനെ നോക്കി 
കേണിടുമാശാന്‍ കവിതകളില്‍
വിഹരിക്കും ഞാനെന്നും ദിവ്യ
സ്നേഹമുതിര്‍ക്കും കവിതകളില്‍..!
കരളിന്‍ ഗീതമുതിര്‍ത്തെന്‍  നാടിന്‍
കരയും ഹൃദയവിപഞ്ചികതന്‍
കമ്പികള്‍ മീട്ടിയ ചങ്ങമ്പുഴയുടെ
കലയിലലിഞ്ഞു മയങ്ങും ഞാന്‍..!
കൈരളിതന്‍ പൂങ്കാവില്‍ ഞാനൊരു
കരിവണ്ടായി ജനിച്ചെന്നാല്‍
'ജീ'യുടെ നൂതന പാതയിലൂടെ
പാറിനടന്നു രസിക്കും ഞാന്‍..! 

(ദേശാഭിമാനി പ്രതിവാരപ്പതിപ്പ്
1961  ഡിസംബര്‍ 31)

2012, നവംബർ 12, തിങ്കളാഴ്‌ച

തുമ്പിയോട്


തുമ്പീ തുമ്പീ നീയെന്തേ...
തുള്ളിപ്പാറി നടക്കാത്തൂ..?
തുമ്പപ്പൂവ് വിരിഞ്ഞല്ലോ
പൂമ്പാവാടയുടുത്തല്ലോ..!
ചെങ്കതിരോനണയുന്നേരം 
പൂങ്കാവൊക്കെയുണര്‍ന്നേരം...
കൊന്നക്കാടിന്നുള്ളിലൊളിച്ചി-
ട്ടിന്നുമിരുന്നു തപസ്സാണോ..?
അന്തികെയമ്മയിരിപ്പുണ്ടോ..?
പൂന്തേന്‍ കൊണ്ടുവരാറുണ്ടോ..?
ചുമ്മാ പാറിനടക്കാനായ്
സമ്മതമമ്മ തരുന്നില്ലേ..?
ഒത്തിരിയൊത്തിരി സ്വപ്‌നങ്ങ
ളിത്തറനാളും നെയ്തിട്ടും
പൊന്നിന്‍ ചിറക് മുളച്ചപ്പോള്‍
ഒന്നായവയടിപറ്റുകയോ..!
തുമ്പപ്പൂവ് വിരിഞ്ഞിട്ടും
പൂമ്പാവാടയുടുത്തിട്ടും
തുമ്പീ തുമ്പീ നീയെന്തേ...?
തുള്ളിപ്പാറി നടക്കാത്തൂ..!

(ഈ കവിത 1961  ഡിസംബര്‍ 3 ലെ
ദേശാഭിമാനി പ്രതിവാരപതിപ്പില്‍
പ്രസിദ്ധീകരിച്ചതാണ്)

2012, നവംബർ 11, ഞായറാഴ്‌ച

നീ വരും,വരാതിരിക്കില്ല...


നീ വരും വരാതിരിക്കില്ലയെന്‍ സഖീ ,
നിനവില്‍ ഞാന്‍ കാണുന്നു നമ്മുടെ സംഗമം...
വേര്‍പാടിന്‍ തപ്തസ്മൃതികളു മായി നാം  
വേവലാതിപ്പെട്ട കാലം മറന്നിടാം...
കണ്ടുമുട്ടുമ്പോള്‍ ചികഞ്ഞെടുത്തീടുവാന്‍
പണ്ടത്തെയോര്‍മ്മകള്‍ കണ്‍മുന്നിലെത്തെവെ,
മനസ്സിലെ മരതകച്ചെപ്പ്‌  തുറന്നതും
മധുരപ്രതീക്ഷകള്‍ പങ്കിട്ടെടുത്തതും
ഒരുമരച്ചില്ലയില്‍ രണ്ടിണക്കിളികളായ് 
ചിറകുകള്‍ തമ്മിലുരുമ്മിക്കഴിഞ്ഞതും
ഓര്‍മ്മയിലുണ്ടായിരിക്കണമവയെല്ലാം
നിര്‍മ്മല സ്നേഹത്തിന്‍ സാക്ഷ്യങ്ങളാണവ..! 
പരിഭവം പറയുവാന്‍ പലതുമോര്‍മ്മിക്കുവാന്‍
പിരിയാതെയിനിമുതല്‍ കൂടെക്കഴിയുവാന്‍
ജീവിത സായാഹ്ന വേളയിലെങ്കിലും
നീ വരും,വരാതിരിക്കുവാനാവില്ല..!