2009, നവംബർ 24, ചൊവ്വാഴ്ച

കള്ളച്ചൂതില്‍ ജയിച്ചവര്‍

കള്ളച്ചൂതില്‍ ജയിച്ചവര്‍ക്ക്‌
ജയം താല്‍ക്കാലികം മാത്രം
കൌരവരൊരുക്കിയ കെണിയില്‍
വീണത്‌ അഗ്രജന്‍ യുധിഷ്ടിരന്‍
അരക്കില്ലങ്ങള്‍ ചുട്ടെരിച്ചും
ദ്രൌപദിയുടെ മാനം കവര്‍ന്നും
ദുശ്ശാസനന്‍മാര്‍ പാണ്ഡവരെ
കള്ളച്ചൂതില്‍ തോല്‍പ്പിച്ചും
താണ്ഡവമാടുമീ യുദ്ധഭൂമിയില്‍
വരാനെന്തേ താമസം കൃഷ്ണാ..?
നിന്‍ ഗീതോപദേശങ്ങള്‍
നീതിസാരങ്ങള്‍ മുഴങ്ങട്ടെ
ആസേതു ഹിമാചാലം..!
തേര് തെളിക്കൂ സാരഥീ
നേരിന്‍ വഴികളില്‍ വേഗം
ധര്‍മ്മയുദ്ധത്തിന് കളമൊരുങ്ങി
കുരുക്ഷേത്ര ഭൂമിയില്‍...
ദുഷ്ടനിഗ്രഹം നിര്‍വ്വഹിക്കൂ
ശിഷ്ടകാലം സൌഖ്യം തരൂ...
കള്ളച്ചൂതില്‍ ജയിച്ചു കയറിയ
കൌരവപ്പടയെ തുരത്തുവാന്‍
അര്‍ജ്ജുനനെ കര്‍മ്മനിരതനാക്കാന്‍
അണയൂ കൃഷ്ണാ, കാര്‍മ്മുകില്‍ വര്‍ണ്ണാ
കാത്തിരിക്കുന്നൂ കാലം
പുത്തനാം പ്രഭാതത്തെ..!

2009, ഒക്‌ടോബർ 18, ഞായറാഴ്‌ച

ഒരു വിളിപ്പാടകലെ


ഒരു വിളിപ്പാടകലെ നീ വന്നു നിന്നപ്പോളെന്‍
കരളില്‍ കിനാവിന്‍റെ തേന്‍മഴ പെയ്തു സഖീ
വിളിക്കാതെയെത്തിയോരതിഥിയായ് നീ
കളിക്കൂട്ടുകാരിയായ്‌ ജീവിതം പങ്കിട്ടപ്പോള്‍
ഓര്‍ത്തില്ലയൊട്ടും വീണ്ടും കണ്ടുമുട്ടിടുമെന്ന്
ഓര്‍മ്മകള്‍ പുതുക്കുവാനവസരമുണ്ടായല്ലോ...
എന്തിന് വീണ്ടും സഖീ വന്നു നീ മനസ്സിന്റെ
നൊമ്പരം തീര്‍ക്കാനായി ജീവിത പങ്കാളിയായ്
കാലത്തിന്‍ പ്രയാണത്തില്‍ വേര്‍പിരിഞ്ഞവര്‍ നമ്മള്‍
ലോലമാം ഹൃദന്തത്തിന്‍ തന്ത്രികള്‍ മുറിയവേ..!
ചിറകുകള്‍ മുളയ്ക്കാത്ത പൊല്‍ക്കിനാവുകള്‍ തേടി
ഉറക്കമിളച്ചു നാമെത്രയോ കാഴ്ഞ്ഞില്ലേ..?
കണ്ടതെല്ലാം പാഴ്ക്കിനാവുകളെന്നറിഞ്ഞു നാം
വീണ്ടുമീ സംഗമമൊട്ടും നിനയ്ക്കാതെ..!
കയ്യെത്തും ദൂരത്ത് നീ സാന്നിധ്യമറിയിച്ചു
വയ്യെനിക്കെല്ലാം മറക്കുവാനോമലാളെ...







2009, ഒക്‌ടോബർ 17, ശനിയാഴ്‌ച

ആത്മരോദനം

ഒരു തേങ്ങല്‍
എന്‍ ഹൃദയാന്തരാളത്തില്‍നിന്നുതിരും
ആത്മരോദനം കേള്‍ക്കുന്നില്ലേ..?
പിന്നിട്ട വഴികളില്‍
കണ്ണുനീര്‍ ചാലുകള്‍ മാത്രം..!
കിളിവാതിലുകള്‍ കൊട്ടിയടച്ചൊരീ
മുറിയില്‍ ഞാനേകനായ്
ഇരുട്ടിന്റെ കൂട്ടുകാരനായിരിക്കവേ
ഓര്‍ക്കുകയാണെന്‍ പൊയ്പോയ നാളുകള്‍
അഭിശപ്തമൊരു ജന്മത്തിന്‍ ബാക്കിപത്രം..!
ഒരു സ്വാന്തനത്തിന്‍ മൃദുസ്പര്‍ശമേല്‍ക്കുവാന്‍
ഏറെ കൊതിപൂണ്ട്‌ നിന്നൊരാ വേളയില്‍
കേട്ടില്ല ഞാനൊരു കാല്‍പെരുമാറ്റവും...
ഏകാന്തമീ മുറി തടവറ തീര്‍ക്കയായ്‌
ഈ ദുഃഖ സാഗരത്തില്‍ നിന്നൊരു നാളിലും
മോചനമില്ലേ?ചിന്തിച്ചു പോയി ഞാന്‍..!
എന്നാല്‍മരോദനം കേള്‍ക്കുവാനാരുണ്ട്..?
എന്നു വന്നെത്തിടുമെന്നുടെ രക്ഷകന്‍..?

2009, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

മുഖം നഷ്ടപ്പെട്ടവന്‍


എപ്പോഴാണ്എവിടെയാണ്
എനിക്കെന്‍ മുഖം നഷ്ടമായത്..?
ഇന്നും ഉത്തരം കിട്ടാ ചോദ്യമായ്
എന്നെ പിന്തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ..!
കുഞ്ഞും നാളില്‍ എന്റെ മുഖം
എത്ര നിഷ്കളങ്കമായിരുന്നു..?
പൂക്കളോടും പൂമ്പാറ്റകളോടും
കുശലം പറഞ്ഞു നടന്ന കാലം
പുഞ്ചിരിയും നൈര്‍മ്മല്യവും
പൂത്തുലഞ്ഞ മുഖമായിരുന്നു...
പില്‍ക്കാലത്ത്‌ യുവത്വത്തിന്റെ നാളുകളില്‍
ചെറുത്തു നില്‍പ്പിന്റെ വീര്യം മുറ്റി നിന്ന മുഖം
ഉദ്യോഗം ഭരിച്ചിരുന്ന കാലം
അധികാര ഗര്‍വ്വ് മുദ്ര ചാര്‍ത്തിയ മുഖം...
വാര്‍ദ്ധക്യത്തിനും യൌവനത്തിനുമിടയില്‍
വാത്സല്യവും സ്നേഹവും അനുരാഗവും
വാരിക്കോരി നല്കിയ മുഖം
അതായിരിക്കാം എനിക്ക് വിധിക്കപ്പെട്ട
യഥാര്‍ത്ഥ മുഖം..!അതാണെനിക്ക് കൈമോശം വന്നതും
എന്റെ പഴയ മുഖം എന്നെങ്കിലും
എനിക്ക് തിരിച്ചു കിട്ടുമോ..?പറയൂ സുഹൃത്തെ,പറയൂ...



2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

സ്നേഹതീരം തേടി

വിടപറയാന്‍ ഞാന്‍ വന്നപ്പോള്‍ നിന്‍
മിഴികള്‍ നിറഞ്ഞുവോ? വിതുമ്പിക്കരഞ്ഞുവോ?
കവിളിണകളില്‍ തെളിഞ്ഞോരരുണിമ മാഞ്ഞുവോ
പരിഭവം നടിച്ചു നീ നിന്നതെന്തേ സഖീ?
വേര്‍പാടിതനിവാര്യമാണെന്നറിയില്ലേ?വാനില്‍
കാര്‍മേഘപാളികള്‍ നിറയുമീ സന്ധ്യയില്‍...
നിമിഷങ്ങള്‍ക്കകമിരുള്‍ പരക്കും നാട്ടുവഴികളിലും
തമ്മില്‍ തമ്മില്‍ നോക്കി നിന്നിടും നമ്മളിലും
വഴിയറയാതുഴലും പഥികര്‍ നാമെത്തിയതീ
പാഴ്മരുഭൂവില്‍ തളര്‍ന്നു വീഴാന്‍ മാത്രം ..!
ഒരുതുള്ളി കണ്ണുനീരുറ്റി വീണുവോ,മുഖം
വാടിയോ ?മനസ്സിന്‍റെയിടനാഴികളില്‍ ...
ഇടറും കണ്ഠത്തില്‍ നിന്നുതിരും തേങ്ങലുകള്‍
കളിക്കൂട്ടുകാരീ, നിന്നെ പിരിയും നേരം പ്രിയേ..!
പുതിയൊരു ജന്മം തേടി പോകാനോ സമയമായ്‌
പതിയെ ചെന്നെത്തണം വിടചോല്ലട്ടെ സഖീ
ദൂരെ ദൂരെയേതോ സ്നേഹതീരവും തേടി -
യലയും രണ്ടാത്മാക്കള്‍ കല്‍പാന്തകാലത്തോളം..!

2009, ഒക്‌ടോബർ 3, ശനിയാഴ്‌ച

വീണ്ടുമൊരിക്കല്‍

നെടുവീര്‍പ്പുകളെന്‍ ചുടു നിശ്വാസങ്ങള്‍
കൊടുങ്കാറ്റായ് മാറി താണ്ടവമാടവേ,
കടപുഴകി വീഴുമൊരു തണല്‍ മരം തേടി
കൂടണയാതെയാകിളികള്‍ പറന്നുപോയ്!
ഏതോ നിയോഗം പോല്‍ വന്നതാണിവിടെ
ചേതോഹരമാം ആരാമ വീഥിയില്‍...
കണ്ടുമുട്ടി നാം പ്രിയ സഖീ ജീവിതം
ചെണ്ടുകള്‍ തുന്നിയ പട്ടമായ്‌ മാറിയോ?
മായാമരീചിക കണ്ടു മയങ്ങിയ
മാനസമെന്തിനോ തേങ്ങിക്കരഞ്ഞുവോ?
ഇവിടെയെന്‍ സ്വപ്നകൂടാരങ്ങളൊക്കെയും
ഈറന്‍ നിലാവിലലിഞ്ഞുപോയോമലേ...
ഇടമുറിയാതെ പെയ്യുമീ മഴയത്ത്
വിട പറയാന്‍ പോലുമാവില്ലയോര്‍ക്കുക
ചുണ്ടുകളെന്തോ പറയാന്‍ വിതുമ്പിയോ?
വീണ്ടുമൊരിക്കല്‍ നാം കണ്ടുമുട്ടീടുമോ?
എങ്കിലെന്‍ ഹൃത്തിലെ പൂവാടിയില്‍ പൂത്ത
ചെണ്ടുമല്ലിപ്പൂക്കള്‍ ചൂടിക്കും നിന്നെ ഞാന്‍...

2009, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

മയില്‍പ്പീലികള്‍

ചാറ്റല്‍മഴ പെയ്യുമൊരു മൂവന്തി നേരം
മുറ്റത്ത്‌ കുട്ടികളോടിക്കളിക്കവേ,
ഉമ്മറക്കോലായിലൊറ്റക്കിരിന്നു ഞാന്‍
ഓര്‍ത്തു പോവുന്നെന്‍റെ ബാല്യകാലത്തെയും..!
പനിനീര്‍ തളിച്ചിടും മഴയിലെന്‍ മേലാകെ
നനയവേ കുസൃതികള്‍ കാണിച്ച നാളുകള്‍
ചേമ്പിലക്കുട ചൂടി കടലാസ് തോണികള്‍
തോട്ടിലൊഴുക്കി കളിച്ചതോര്‍മ്മിക്കവേ,
ഇന്നലെയാണെന്ന തോന്നലുണ്ടാവുന്നു
പിന്നിട്ടു പോയിട്ടുമെത്രയോ വര്‍ഷങ്ങള്‍..!
കൂട്ടുകാരൊത്തന്ന് പാടവരമ്പത്ത്
മാനത്തുകണ്ണിയെ നോക്കി നടന്നതും,
ഓര്‍മ്മതന്‍ പെരുമഴ പെയ്യും മനസ്സിലെ
കുളിരായി മാറുന്നതിപ്പോഴും ചിന്തയില്‍..!
കളിക്കൂട്ടുകാരിയ്ക്ക് നല്‍കുവാന്‍ പുസ്തക
താളിലൊളിപ്പിച്ച മയില്‍പ്പീലി തുണ്ടുകള്‍
വര്‍ണ്ണവളപ്പൊട്ടുകള്‍,മഴവില്ലുകള്‍ പിന്നെ
സ്വര്‍ണ്ണച്ചരടില്‍ കൊരുത്ത സ്വപ്നങ്ങളും
എല്ലാം തെളിഞ്ഞു കാണുന്നിതെന്നോര്‍മ്മയില്‍
എന്നുമീ മുത്തുകള്‍ ചെപ്പിലുണ്ടാവണം..!

2009, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

ചിങ്ങപ്പുലരിയില്‍

കര്‍ക്കിടകത്തിന്‍ കലിയടങ്ങി
പൂക്കളുമായ്‌ വന്നു ചിങ്ങമാസം
പൊന്നിളം വെയിലില്‍ ചമഞ്ഞൊരുങ്ങി
കുന്നും പുഴകളും താഴ്വാരവും ..!
വറുതി തന്‍ കാലവും പോയ്മറഞ്ഞു
വരവായി പൊന്നോണക്കാലമെങ്ങും
തെച്ചിയും മന്ദാരം ചേമന്തിയും
പൂത്തുലഞ്ഞീടുന്നു തൊടിയിലെല്ലാം
വര്‍ണ്ണപ്പകിട്ടിന്‍റെയിന്ദ്രജാലം
തീര്‍ത്തുകൊണ്ടെത്തുന്നു പൂമ്പാറ്റകള്‍
കണ്ണിനും കാതിനുമിമ്പമേകാന്‍
മണ്ണില്‍ പുളകങ്ങളേറ്റു വാങ്ങാന്‍
കേളികെട്ടുയരുന്നു കേരളത്തില്‍
താളവും മേളവും കേള്‍ക്കയായി
മാവേലി തമ്പുരാന്‍ വന്നിടുമ്പോള്‍
ആവേശത്തോടെ നാം സ്വീകരിയ്ക്കും
ചിങ്ങമാസത്തിന്‍ സമൃദ്ധിയെല്ലാം
നെഞ്ചേറ്റി വാങ്ങിടാം വൈകിടാതെ..!

2009, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ബംഗളൂരു

ഇതെന്‍ പ്രിയ നഗരം ബംഗളൂരു...
ഇവിടയെന്‍ കൌമാര സ്വപ്നങ്ങള്‍ക്ക്
ചിറകു മുളച്ചതും വാനോളമുയര്‍ന്നതും
നഗരമാദ്യമായ് കണ്ടതുമെന്നോര്‍മ്മയില്‍
തെളിയുന്നതിപ്പോഴും വര്‍ഷങ്ങള്‍ക്കിപ്പുറം..!
മെജസ്റ്റിക്കില്‍ ബസ്സിറങ്ങി നടന്നു ഞാന്‍
നഗരത്തിലെന്നുടെ ലക്‌ഷ്യം കാണണം
കുംഭാരപെട്ടിലെത്തണമെനിയ്ക്ക് നഗരത്തില്‍
രാവെത്തും മുമ്പെ നഗരത്തിരക്കിലൂടെ വേഗം
ചിക്പെട്ടിലെ തെരുവുകള്‍ താണ്ടിയൊടുവില്‍
കുംഭാരപെട്ടിലും മാവള്ളിയിലെ വീട്ടിലുമെത്തി
ബംഗളൂരിലേക്കിതെന്‍റെ കന്നി യാത്ര പിന്നീട്
പലവട്ടം ഞാനീ നഗരത്തില്‍ രാപാര്‍ത്തു...
ഇന്നനെക്കിവിടം മുക്കും മൂലയും പരിചിതങ്ങള്‍
ഇതാണെന്റെ നഗരം ബംഗളൂരു പ്രിയ നഗരം
ഇപ്പോഴുമെനിക്കിവിടം നൊസ്റ്റാള്‍ജിയ..!
കലാസ്‌ പാളയവും, സിറ്റി മാര്‍ക്കറ്റും
തിരക്കേറും തെരുവുകളും,ലാല്‍ ബാഗിലെ സന്ധ്യകളും,
ശിവജി നഗറും, കണ്ടോണ്‍മെന്‍റും, കബ്ബണ്‍ പാര്‍ക്കും
എവിടെയുമേനിക്കീ നഗരം മനഃപാഠമായ്..!

2009, ജൂലൈ 11, ശനിയാഴ്‌ച

നാല്‍ക്കവലയില്‍

തിരക്കേറുമീ നാല്‍ക്കവലയില്‍ പകച്ചു നിന്നിടും
ഏകാന്ത പഥികനായി ഞാനീ നഗരവീഥിയില്‍
ഒഴുകി നീങ്ങിടും പുരുഷാരത്തിനിടയില്‍പെട്ട്
വഴിയറിയാതെയാള്‍ക്കൂട്ടത്തിലേകനായ് നില്‍പ്പൂ
എങ്ങോട്ട് പോകണമെന്നറിയില്ല, ദിക്കുകളറിയില്ല
മങ്ങുന്നൂ കാഴ്ച്ചയെന്‍ തല കറങ്ങുന്നുവോ..!
ആരുന്ടെനിക്ക് വഴി കാട്ടിയായ്‌ വരാനിപ്പോള്‍
നേരായ മാര്‍ഗ്ഗം കാട്ടി ലക്ഷൃത്തിലെത്തിക്കുവാന്‍..?
ഇന്നല്ലെങ്കില്‍ വേറൊരു നാള്‍ വരുമെന്‍ വഴികാട്ടി
അന്നോളം കാത്തു നില്ക്കും ഞാനീ നാല്‍ക്കവലയില്‍..!

2009, ജൂലൈ 4, ശനിയാഴ്‌ച

നിറക്കൂട്ട്‌

പച്ചയാണെന്റെയിഷ്ടനിറമെന്കിലുമെന്നും
ചുവപ്പിനോടാണെനിക്കതിലേറെ പ്രിയം..!
പച്ചയില്‍ കാണ്മൂ പ്രകൃതിതന്‍ പവിത്രത
ചുവപ്പിലോ വിപ്ലവത്തിന്‍ നേരടയാളവും
മഞ്ഞ കാണുമ്പോളോര്‍മ്മയില്‍ വരുന്നത്
കാര്‍മുകില്‍വര്‍ണ്ണന്റെ പീതാംബരം..!
നീലയിലാകാശത്തിന്‍ നൈര്‍മ്മല്യവും പിന്നെ
ആഴിതന്നാഴവും വൈപുല്യവും കാണാം
കാവിയില്‍ ഓംകാരത്തിന്‍ ശക്തിയുമൊപ്പം
തപോധനന്‍മാരണിയും കാഷായവസ്ത്രവും
കറുപ്പോ തിന്മകള്‍ക്കുറ്റ ചങ്ങാതിയും
വെളുപ്പോ നന്മകള്‍ക്ക് വഴികാട്ടിയും
നിറങ്ങള്‍തന്‍ മായാജാലമിതെല്ലാം
മാരിവില്ലായി തെളിയുന്നിതെന്‍ മുന്നില്‍..!

2009, ജൂൺ 26, വെള്ളിയാഴ്‌ച

മഴ പെയ്യുന്നേരം

തുള്ളിക്കൊരുകുടം മഴ പെയ്തിറങ്ങവെ
ഉള്ളിലൊരു ബാല്യം പുനര്‍ജ്ജനിക്കുന്നിതാ
ഓര്‍മ്മതന്‍ പെരുമഴ പെയ്തിടും നേരത്ത്
മര്‍മ്മരം കേള്‍ക്കുന്നു ഹൃദയ തടങ്ങളില്‍
മഴയത്ത് ഞാനൊരു ചേമ്പില കുടയാക്കി
താഴത്തെ തൊടിയിലൂടന്നു നടന്നതും
പാടവരമ്പത്ത് മാനത്തുകണ്ണിയെ
തേടിയലഞ്ഞതുമോര്‍മ്മിച്ചിടുന്നു ഞാന്‍
ചാറ്റല്‍ മഴയത്ത് മഴനൂലുകള്‍ നെയ്ത
ചാരുതയിപ്പൊഴും മനസ്സില്‍ തെളിയുന്നു
ഇലകളില്‍ വീഴുന്ന നീര്‍മണി മുത്തുകള്‍
ഇന്നുമെന്നോര്‍മ്മയില്‍ കുളിരല തീര്‍ത്തിടും..!
മലവെള്ളപ്പാച്ചലില്‍ വയലുകള്‍ പുഴകളായ്‌
മാറിയതെല്ലാം ഓര്‍മ്മകള്‍ മാത്രമായ്‌..!
ചക്രവാകത്തിന്റെ ചുണ്ടിലെ ശാപമായ്‌
ചിത്രകൂടങ്ങളെരിഞ്ഞമര്‍ന്നീടവെ,
ഊഷരഭൂവിതില്‍ തേന്മഴ പെയ്യിക്കാന്‍
വര്‍ഷമേഘങ്ങളേ, വേഗമിങ്ങെത്തുവിന്‍
എന്തെ? മടിച്ചു നില്‍ക്കുന്നതീ വേളയില്‍
ചന്തമേറും മാരിവില്ലുമായെത്തുക...
പെയ്തിറങ്ങീടട്ടെ തുള്ളിക്കൊരു കുടം
നെയ്ത്ടാമോമല്‍ക്കിനാവുകിളിപ്പൊഴേ...
എങ്ങും തിമര്‍ത്തു പെയ്തീടട്ടെ പെരുമഴ
എന്നുമീ മണ്ണിനെ കുളിരണിയിക്കുവാന്‍..!

2009, ജൂൺ 24, ബുധനാഴ്‌ച

നിയോഗം

എന്താണെനിയ്ക്കുള്ള നിയോഗമെന്നതന്വേഷിപ്പൂ
ഉത്തരം കിട്ടാത്ത ചോദ്യമായത് മനസ്സില്‍ മുഴങ്ങുന്നൂ...
മനുഷ്യജന്മമിത് വെറുതെ ജീവിക്കാന്‍ മാത്രമോ?
ഈയിടെ ചോദിച്ചു തുടങ്ങി ഞാനെന്നോടു നിത്യവും
കര്‍മ്മങ്ങളേറെ ചെയ്തുതീര്‍ക്കാനുണ്ടെനിയ്ക്കിനിയും
ജന്മമൊടുങ്ങിത്തീരുന്നതിന്‍ മുമ്പേ തന്നെ...
പൂത്തുന്പിയെപ്പോല്‍ പാടത്തും തൊടിയിലും
പാറിപ്പറന്നൊരാ കാലമിനിയാവര്‍ത്തിക്കാന്‍
കൊതിയ്ക്കുകയാണെന്മനം പ്രതീക്ഷ വെടിയില്ല
അതിനായ്‌ കരുത്തേകാന്‍ പ്രാര്‍ത്ഥനയര്‍പ്പിക്കുന്നു..!
എന്താണെന്‍ നിയോഗമെന്നെനിക്ക് കാട്ടിത്തരാന്‍
എപ്പോഴും മനസ്സിലെ ചോദ്യങ്ങളാവര്‍ത്തിപ്പൂ...
മറവിതന്‍ മഞ്ഞ് മലകള്‍ക്കുമകലെയായ്‌ മറഞ്ഞൊരാ
നാളുകള്‍ പുനര്‍ജ്ജനിച്ചെന്കിലെന്നാശിക്കുന്നു...
ഏവര്‍ക്കും തണലേകും വടവൃക്ഷമായ്‌ തീരാന്‍
ഏറെ കൊതിച്ചെങ്കിലും വേനലിന്‍ കൊടും ചൂടില്‍
ഉണങ്ങിക്കരിഞ്ഞൊരു പാഴ്മരമായ് മാറിപ്പോയി
കാണുമോ വീണ്ടും തളിരിലകളെന്മേനിയില്‍..?
അറിയില്ലെനിക്കൊന്നും കാലത്തിന്‍ ക്യാന്‍വാസില്‍
കോറിയിട്ടൊരു ചിത്രം മാത്രമായ്‌ മാറുന്നു ഞാന്‍..!




2009, ജൂൺ 14, ഞായറാഴ്‌ച

പട്ടുറുമാല്‍

അത്തറ് പൂശിയ പട്ടുറുമാലന്ന്
കുപ്പായക്കീശയിലിട്ടു നടന്നതും
മൊഞ്ചത്തിപ്പെണ്ണിനെ പാട്ടിലാക്കാനായി
തഞ്ചത്തിലതുകെട്ടി ചന്തയില്‍ ചെന്നതും
ശുജായിത്തരവുമായ് വിലസിയ കാലത്തെ
മജകള്‍ പറയുകിലേറേയുണ്ട്...
കൊണ്ടോട്ടി നേര്‍ച്ചയ്ക്ക് പോയ് വരും നേരത്ത്
കണ്ടു ഞാനവളുടെ മൊഞ്ചേറും പുഞ്ചിരി
കരിമഷിയെഴുതിയ കണ്ണുകളില്‍ നീന്തുന്ന
പരല്‍മീനുകളഴകിനു മാറ്റ് കൂട്ടി...
പതിനാലാം രാവിന്റെ വെള്ളിവിളക്കുമായ്
പടിഞ്ഞാറെ മാനത്തോരന്ബിളിയെത്തി
വരുമോയെന്‍ ഖല്‍ബിലെ ഹൂറിയായ് വീണ്ടും നീ
തരുമോ നിന്‍ കരളിന്‍ കിനാക്കളെല്ലാം..?
അത്തറ് പൂശിയ പട്ടുറുമാലുമായ്
കാത്തിരിക്കാം ഞാനീയാറ്റു വക്കില്‍..!

2009, ജൂൺ 10, ബുധനാഴ്‌ച

കിളിപ്പാട്ട്

പൂമരച്ചില്ലയില്‍ പണ്ടൊരിക്കല്‍
താമരപ്പൈങ്കിളി കൂടുകൂട്ടി
ആണ്‍കിളി പെണ്‍കിളി രണ്ടുപേരും
ആമോദത്തോടെ കഴിഞ്ഞിരുന്നു
നേരമിരുട്ടി വെളുക്കുവോളം
ഓരോകഥകള്‍ പറഞ്ഞ കാലം
എന്തൊരു സന്തോഷമായിരുന്നു
ഏഴാം സ്വര്‍ഗ്ഗമതായിരുന്നു..!
മാമരം കോച്ചും തണുപ്പകറ്റാന്‍
ചിറകുകള്‍ തമ്മിലുരുമ്മിടുമ്പോള്‍
നെഞ്ചിലെ ചൂട് പകുത്തെടുത്തും
പഞ്ചാരയുമ്മകള്‍ പങ്കുവെച്ചും
ഈണത്തില്‍ പാതിരാപ്പാട്ട് പാടി
നാണം മറന്നവര്‍ കൂട്ട് കൂടി
അങ്ങ് കിഴക്കന്‍ മലമടക്കില്‍
പുലരിതുടിപ്പുകള്‍ കണ്ട നേരം
ഇര തേടി പോയവര്‍ വന്നതില്ല
ഇനിയുമൊരിക്കലും വരികയില്ല
ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി
ഓമനപ്പക്ഷികള്‍ യാത്രയായി..!




2009, ജൂൺ 6, ശനിയാഴ്‌ച

തിരിച്ചു പോക്ക്

ഇനിയുമൊരു തിരിച്ചു പോക്കുണ്ടാകുമോ..?
അറിയില്ലല്ലോ..!എല്ലാം തീരുമാനിച്ചുറപ്പിക്കുന്നത്
അജ്ഞാതമേതോ കേന്ദ്രത്തില്‍ വെച്ചാണല്ലോ..!
പിന്നെനിക്കെങ്ങിനെ പറയാന്‍ കഴിയും..?
കാലം ചുളിവുകള്‍ തീര്‍ത്ത മുഖത്തെന്തേ
നാളിതുവരെ കാണാത്തൊരു ദൈന്യഭാവം..?
ലക്ഷൃമില്ലാത്തൊരു നീണ്ട യാത്രക്കൊടുവില്‍
എത്തിപ്പെട്ടതീ ഒറ്റപ്പെട്ട തുരുത്തിലല്ലോ..!
എന്നിനീ ഏകാന്തതയുടെ വല്മീകത്തില്‍ നിന്നും
എനിയ്ക്ക് മോചനം..?അതുണ്ടാവുമോ..?
ഇപ്പോഴും ഉറപ്പില്ല തിരിച്ചു പോക്കിനെ ചൊല്ലി
ഇവിടം വിട്ടൊരു നാള്‍ ഞാന്‍ യാത്രയാകും..!

2009, മേയ് 10, ഞായറാഴ്‌ച

കണ്ണീരിന്‍റെ കവിത

കണ്ണുനീരിലെഴുതിയ ശോക
കാവ്യമിന്നു ചുരുള്‍ നിവര്‍ത്തട്ടെ
പാടിടുന്നതാണെന്‍ ദുഃഖ സത്യം
പാതിരാവിന്‍റെ കൂട്ടുകാര്‍ മാത്രം
മൂകതയെന്‍റെ വീണാ നിനാദം
ശോകമാണെന്‍റെ ജീവിത ഗാനം
കേള്‍ക്കയില്ലിതിന്നീരടി നിങ്ങള്‍
കേവു വഞ്ചിയില്‍ സഞ്ചരിക്കുമ്പോള്‍
അന്തി വന്നു മരിച്ച പകലി
ന്നന്തിമങ്ങളാം കര്‍മ്മങ്ങള്‍ ചെയ്കെ
ആറിനക്കരെ പൊന്തയിലെങ്ങോ
കൂരിരുട്ട് പുളച്ചു കളിയ്ക്കെ
ഞാനിരുന്നിടും കുന്നിന്‍ ചരിവില്‍
നീറുമായിരം ചിന്തകളോടെ..!
പച്ച മണ്ണിലിക്കാവ്യ ശില്‍പ്പം ഞാ
നുച്ച നേരക്കനലിലുരുക്കി
വേര്‍പ്പു നീരിന്‍ മരതക രത്ന
മര്‍ക്കരശ്മിയില്‍ രാകിയോരുക്കി
മാരിവില്ലിന്‍ കവിതയില്‍ നിന്നു
മീരടികള്‍ പകര്‍ത്തിയെടുത്ത്‌
വേദനകളില്‍ വേവിച്ചെടുത്ത
വേദമാണിതെന്‍ ജീവിത സത്യം..!
ചക്രവാളച്ചരിവിലൂടന്തി
എത്തിടുന്നിരുളെങ്ങും പരന്നു
എന്നുമോമന സ്വപ്നവുമായി
പൊന്നണിത്തേരിലേറി ഞാനെന്‍റെ
ഭൂതകാലമാം പാതയിലൂടെ
കാതമായിരം സഞ്ചരിക്കുമ്പോള്‍
കണ്ണുനീരില്‍ കുളിച്ച കിനാക്കള്‍
ഉമ്മ വെയ്ക്കുകയാണെന്നെ നിത്യം..!
വേദനകളില്‍ വേവിച്ചെടുത്ത
വേദമാണെന്‍ സനാതന സത്യം...

2009, മേയ് 6, ബുധനാഴ്‌ച

കണ്വാശ്രമമുറങ്ങുമ്പോള്‍

പൂനിലാവിന്‍ നുറുങ്ങുകളിന്നെന്‍
മേനിയാകെയുടുപ്പണിയിക്കെ,
ദുഃഖസാന്ദ്രമാം മാനസത്തില്‍ നി
ന്നിക്കവിതയൊന്നൂര്‍ത്തിടട്ടെ ഞാന്‍..!
കാതമായിരമങ്ങകലത്തില്‍
കാന്തനെന്‍ പ്രിയ തോഴനിരിക്കെ,
വേദനകളെന്‍ ചേതന വിങ്ങും
വേദനകള്‍ പകര്‍ത്തിടട്ടെ ഞാന്‍..!
വന്നില്ലിന്നുവരേയ്ക്കുമെന്‍ കാന്ത
നന്നു കാനനം വിട്ടതില്‍ പിന്നെ
ദേവനെന്നെ മറന്നുവോ വയ്യെന്‍
ജീവിതാശകള്‍ പൂവിടില്ലെന്നോ..?
സപ്തമല്ല ദിനങ്ങള്‍ പലതാ
യിത്തപോവന ചിത്തം തുടിയ്ക്കെ,
പൌരവന്‍ പരിവാരങ്ങളോടീ
കാനനത്തിണയുവാന്‍ വേഗം...
പൂനിലാവല ചിന്നുമീ രാവില്‍
ഞാനെന്നോര്‍മ്മതന്‍ കെട്ടഴിക്കട്ടെ
ഓടിയെത്തുന്നു രാജനോടോത്ത
ന്നോടിച്ചാടി നടന്ന ദിനങ്ങള്‍..!
എന്തിനേറെ ഞാനോരുന്നു ജീവല്‍
സ്പന്ദനങ്ങളിലെന്നും തുടിയ്ക്കും
സ്വര്‍ഗ്ഗീയങ്ങളാം നാളുകളെന്‍റെ
സ്വപ്നമായിരം പൂത്ത ദിനങ്ങള്‍
തോഴിമാരിന്നുറക്കം പിടിയ്ക്കെ
ഞാനെന്‍ ചിന്തയില്‍ ലീനയാവട്ടെ...
മാലിനിയല താളമുതിര്‍ക്കെ,
ഞാനെന്‍ വീണതന്‍ കമ്പി മുറുക്കാം
ദുഷ്ഷന്തന്‍ മമദേവനീ കാട്ടില്‍
വിശ്വകാന്തി ചൊരിയും വരേയ്ക്കും..!

2009, മേയ് 5, ചൊവ്വാഴ്ച

പരാതിക്കാരന്‍

പരാതിക്കരനാണോ താനെന്കിലിങ്ങിടത്തുവാ...
പറയൂ നിന്‍ പരാതികളെന്തെല്ലാം..?കേള്‍ക്കട്ടെ...
നീയൊരു സ്ഥിരം പരാതിക്കാരനെന്കിലെനിക്കൊന്നും കേള്‍ക്കണ്ട...
നിന്‍ പഴംപുരാണങ്ങള്‍ കേട്ടു തഴന്പിച്ചതെന്‍ കാതുകള്‍..!
ഭരണകര്‍ത്താവിനെ കുറിച്ചോ,ന്യായാധിപനെ പറ്റിയോ,
ഉറക്കം നടിയ്ക്കും നിയമപാലകരെ കുറിച്ചോ നിന്‍ പരാതികള്‍..?
എന്കിലവയെല്ലാം വിശദമായ്‌ പറയുക പരാതിക്കാരാ...
എത്രയും പെട്ടെന്ന് പരിഹാരം കാണാന്‍ ശ്രമിക്കാം നമുക്ക്‌
ആവലാതികളാക്ഷേപമായ് മാറുന്നുവോ നിന്‍ കണ്ണുകളില്‍
ജ്വലിയ്ക്കും തീക്കനലുകള്‍ ചുട്ടെരിക്കുമൊ ലോകം..?
ദൈന്യ ഭാവമോ,അതോ രൌദ്ര ഭാവമോ,നിന്‍ മുഖമുദ്ര..?
കാഴ്ചക്കപ്പുറം നില്‍ക്കും പരാതിക്കാരാ നീയിങ്ങടുത്തു വാ
എന്തെല്ലാം നിന്‍ പരാതികള്‍..? തെളിച്ചു പറയുക പിന്നൊരിയ്ക്കല്‍
എനിയ്ക്കല്‍പ്പം തിരക്കുണ്ടല്ലോ സുഹൃത്തെ, നമുക്കിനിയും കാണാം...

2009, മേയ് 3, ഞായറാഴ്‌ച

പിതാമഹന്‍

ഇവനെന്‍ പിതാമഹന്‍...
കാനനങ്ങളില്‍ മരംചാടി നടന്നവന്‍
പൈതൃകമായെന്തുണ്ടെനിക്കേകാന്‍..?
പറയുക കുരങ്ങച്ചാരെ...
കണ്ടു ഞാന്‍ വയനാട്ടിലെ മുത്തങ്ങയില്‍
പണ്ടൊരിക്കല്‍ പിക്നിക്കിനു പോയപ്പോള്‍
സൌഹൃദം ഭാവിച്ച് നീയെന്‍ മുന്നിലെത്തി
എന്തായിരുന്നു മനസ്സിലിരുപ്പ്..?
കുട്ടിക്കാലത്ത്‌ മേപ്പയ്യൂരങ്ങാടിയില്‍
കുറവന്റെ കയറിന്‍ തുമ്പില്‍
കുഞ്ചിരാമനായ് നീ ചാടിക്കളിച്ചതും
ഞാനിന്നുമോര്‍മ്മിക്കുന്നൂ
ഇന്നലെ കഴിഞ്ഞത് പോല്‍..!
അന്തപുരിയിലെ മൃഗശാലയില്‍
പരിചയം പുതുക്കി നാമോരിക്കല്‍ കൂടി...
പണ്ടത്തെ തൊപ്പിയുടെ കഥയിന്നും മറന്നിട്ടില്ല...
വാനര മുത്തപ്പാ, നീയപ്പം പങ്കുവെച്ചതിലെ കൌശലം
രാഷ്ട്രീയക്കാര്‍ക്കിന്നും മുതല്‍ക്കൂട്ടല്ലോ..!
മിഠായിത്തെരുവിലെ ഹനുമാന്‍കോവിലിനു മുന്നിലൂടെ
നടന്നു നീങ്ങുമ്പോള്‍ ഞാനോര്‍മ്മിക്കുന്നതും
നിന്റെ കറകളഞ്ഞ ശ്രീരാമഭക്തി...
വാനരപ്പടയുടെ അകമ്പടിയോടെ ലങ്ക പിടിച്ചടക്കിയ
ഭഗവാന്‍ കനിഞ്ഞു നല്കിയ അനുഗ്രഹാശിസ്സുകള്‍
എന്നുമെന്നും തണലായിരിക്കട്ടെ...
വീണ്ടും കണ്ടുമുട്ടുന്നത് വരെ വിട...
ജയ് ശ്രീരാം...ജയ്‌ ഹനുമാന്‍ ...