2013, ജൂൺ 27, വ്യാഴാഴ്‌ച

ഓർമ്മച്ചെപ്പ്


പുളിമരച്ചോട്ടിൽ കളിവീട് തീർത്ത് നാം
പുളകങ്ങൾ നെയ്തൊരാ ബാല്യകാലം...
ജീവിതസായാഹ്ന വേളയിലോർമ്മിപ്പൂ
വേവും മനസ്സിനിന്നാശ്വാസമായ്..!
നറുനിലാച്ചോലയിൽ മുങ്ങിക്കുളിക്കവേ,
നിറമാർന്ന സ്വപ്‌നങ്ങൾ പൂത്ത കാലം...
മൂവന്തിനേരത്ത് കൂടണയാൻ വേണ്ടി
പറവകൾ മാനത്ത് പാറിടുമ്പോൾ
അരിമുല്ല വിരിയുന്ന സൗരഭമെത്തവേ
പിരിയുകയായി നാമിരുവഴിയ്ക്കായ്..!
കാലം മനസ്സിന്റെ ഭിത്തിയിൽ കോറിയ
കോലങ്ങൾ മായാതെ നിന്നിടുമ്പോൾ,
ഓർമ്മതൻ ചെപ്പിലെ  മുത്തുകളോരോന്നും
ഒമനിക്കാം നമുക്കീവേളയിൽ..!

2013, ജൂൺ 15, ശനിയാഴ്‌ച

പറയൂ..നീ മേഘമേ..


മാനത്തെ മുകിലിനോടൊരുനാളവൾ ചോദിച്ചു
നീയെന്റെ പ്രിയതമനെ കണ്ടിരുന്നോ..?
സ്നേഹത്തിൽ ചാലിച്ച സന്ദേശമെനിക്കായി
പ്രിയതമൻ നിൻകയ്യിൽ തന്നിരുന്നോ..?
വിരഹത്തിൻ വേദനയുള്ളിലൊതുക്കവേ,
തിരയുന്നൂ...നിന്നെ ഞാൻ വാനിടത്തിൽ..!
നീ വരും നേരത്തെൻ വേവും ഹൃദന്തത്തിൽ
നീറ്റലകറ്റാൻ കൊതിയ്ക്കയായി..!
മേഘമേ,പ്രിയതമൻ ചൊന്നൊരാവാക്കുകൾ
വേഗമെൻ കാതിൽ നീ മൊഴിയുകില്ലേ..?
തീവ്രദുഃഖത്തിന്റെ തീക്കനലെരിയുമ്പോൾ
സ്വാന്തനസ്പർശം നീ നൽകുകില്ലേ..?
വിന്ധ്യനുമപ്പുറം തടവിൽ കഴിയുന്ന
കാന്തനെ കാണുമോ മേഘമേ, നീ..?
ഇനിമേലൊരു നാളും പിരിയാതിരിക്കുവാൻ
പറയണം കാന്തനെ കണ്ടിടുമ്പോൾ...
അളകാപുരിയിൽ ഞാൻ വെന്തുരുകീടുമ്പോൾ
അകലെ കഴിയുന്നെൻ പ്രാണനാഥൻ..!
നീ വരുവതെന്നോ..?പറയുക മേഘമേ,
നീറും മനസ്സിന് കുളിരേകിടാൻ..!