2013 നവംബർ 4, തിങ്കളാഴ്‌ച

ഒരു തൂവൽസ്പർശമായ്...



പൂജക്കെടുക്കുവാൻ പറ്റാത്ത പൂവായി
തേജസ്വിനീ,നീ മാറിയതെങ്ങിനെ..?
നിന്മിഴിക്കോണിലെ കണ്ണുനീർതുള്ളിയാൽ
കണ്മഷിക്കൂട്ടും കലങ്ങിയ വേളയിൽ,
ആരെയോ കാത്തിരുന്നുമ്മറക്കോലായിൽ
തീരാത്ത നോവുകളുള്ളിലൊതുക്കി നീ..!
ആശതൻ പൂമരച്ചോട്ടിൽ നീ വന്നപ്പോൾ
വീശിയ കാറ്റിനോടെന്തോ പറഞ്ഞുവോ..?
പോയ ജന്മത്തിലെ മോഹങ്ങളൊക്കെയും
പൂവണിയാനിനിയെത്ര നാൾ കാക്കണം..!
ജാലകക്കീറിലൂടെത്തും വെളിച്ചത്തിൻ
നൂലുകൾ കൊണ്ടുനീ നെയ്യും കിനാവുകൾ
നാളെ നിൻ ജീവിതയാത്രയിലേക്കുള്ള
പാഥേയമായ് തീരാനേറെ കൊതിച്ചുവോ..?
ഒരു സ്വാന്തനത്തിന്റെ തൂവലാൽ തഴുകി നിൻ
കരയും മനസ്സിന്റെ നീറ്റലകറ്റിടാം..!

2013 നവംബർ 2, ശനിയാഴ്‌ച

ദീപമേ,തെളിയുമോ..?


ഒരു കൊച്ചു ലാന്തർ വിളക്കിൻ വെട്ടം കൊതിച്ചീ-
യിരുളിൻ തടവറയിലിനിയുമെത്ര നാൾ കഴിയണം..?
നീലാകാശച്ചെരുവിലന്നന്തിതന്നന്തിമ യാമങ്ങളിൽ
നക്ഷത്രങ്ങളെ താലോലിച്ച രാവുകളകന്നേ പോയ്‌..!
വഴിയിലെവിടെയോ കളഞ്ഞ വർണ്ണവളപ്പൊട്ടുകൾ
പഴയ പാഠപുസ്തകത്തിൽ മറന്ന മയിൽപീലിതുണ്ടുകൾ
എല്ലാം നഷ്ടസ്വപ്‌നങ്ങൾ തൻ ബാക്കിപത്രങ്ങൾ മാത്രം
ഇപ്പോഴും കൂട്ടായിരിക്കുന്നീയിരുളിൻ കൂടാരത്തിൽ..!
ഈ തമോമയഗർത്തത്തിൽ നിന്നും മോചനമാശിച്ചോരെൻ
ഈറനാം കണ്‍കളിലെ മിഴിനീർ തോർന്നീടുമോ..?
ഒരുനാൾ വരും...അന്ന് ഞാനീയിരുൾമുറിയിൽ  നിന്നും
തിരിതെളിയുമൊരു മണ്‍വിളക്കുമായ്‌ രാജവീഥിയിലെത്തും...