2017 മാർച്ച് 5, ഞായറാഴ്‌ച

ഒരു 'വാലന്റൈൻ' പ്രണയഗീതം
*********************************
മാമ്പൂ പൊഴിയുന്ന ധനുമാസരാവതിൽ
താംബൂലവുമായി വന്നവളല്ലേ,നീ..?
മധുരക്കിനാവിന്റെ തേരേറി വന്നവൾ
ഹൃദയ കവാടത്തിൽ മുട്ടി വിളിക്കവേ,
പാതി മയക്കത്തിലായിരുന്നല്ലോ ഞാൻ
പാതിരാത്താരകൾ കൺചിമ്മി നിന്നുവോ..?
എന്തോ പറയുവാൻ ചുണ്ടനക്കുമ്പോഴും
മിണ്ടാട്ടമില്ലാതെ നിന്നതെന്തേ,സഖീ..?
നിർമ്മല സ്നേഹത്തിന്നമൃതബിന്ദുക്കൾ തൻ
മർമ്മരം കേൾക്കുവാൻ കാതോർത്തിരുന്നു ഞാൻ
എല്ലാം മനസ്സിലൊതുക്കിക്കഴിഞ്ഞവൾ
മുല്ലപ്പൂസൗരഭം പോലെയണഞ്ഞ നാൾ
പാടാൻ മറന്നൊരു പാട്ടിന്റെയീണമായ്
വിടരാൻ കൊതിച്ചൊരു പൂവിൻ സുഗന്ധമായ്
എന്നും മനസ്സിന്റെയുദ്യാന വീഥിയിൽ
വന്നു നീ നിൽക്കുന്നുവെന്നറിയുന്നു ഞാൻ
ഉണ്ടായിരുന്നു നീയരികിലായപ്പോഴും
വീണ്ടും പരസ്പരം വേർപിരിയും വരെ
ഇല്ല മറക്കാൻ കഴിയില്ലൊരിക്കലും
നല്ല കിനാവുകൾ തന്നൊരാ നാളുകൾ
പ്രണയ ദിനത്തിൽ ഞാനോർമ്മിച്ചിടുന്നിതാ
പ്രാണനിൽ തേന്മഴ പെയ്തൊരാ കാലവും..!

2014 ഒക്‌ടോബർ 1, ബുധനാഴ്‌ച

സരസ്വതിസ്തുതി



ദേവീ,സരസ്വതി ജഗദംബികേ,
ദേവീ,കനിയേണം തുണയേകണം...
അജ്ഞതയെന്നുമകറ്റിടാനായ്
അമ്മേ,യറിവിൻ വെളിച്ചമേകൂ...
അഴകാർന്ന പിഞ്ചുകരങ്ങളാലെ
എഴുതിത്തുടങ്ങട്ടെയാദ്യാക്ഷരം...
നാദസ്വരൂപിണീ,നിൻ കൃപയാൽ
കാതുകൾക്കിമ്പമായ് സ്വരമാധുരി..
അലയടിച്ചെത്തുന്ന ദേവരാഗം
വിലയിച്ചിടുന്നിതാ വാനിടത്തിൽ...
ദേവീ,സരസ്വതി മൂകാംബികേ
പൂവുകളക്ഷരപ്പൂക്കളേകാം...
പത്മദളങ്ങൾ കൊരുത്ത മാല്യം
പാദയുഗ്മങ്ങളിൽചാർത്തിടട്ടെ...
എകണം കാരുണ്യമെന്നുമെന്നും
ഏഴകൾക്കാശ്വാസം ജഗദംബികേ...

2014 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

രാക്കിളിപ്പാട്ട്


ഒരു മുല്ലപ്പൂവിന്റെ നറുമണം നുകരുവാൻ
വിരുന്നിനായെത്തിയ തെന്നലേ,നീ
സൗരഭമൊക്കെയുമെൻ പാനപാത്രത്തിൽ
കോരിയൊഴിക്കുവാൻ വന്നതല്ലേ..?
തേന്മാവിൻ കൊമ്പിലെ കൂട്ടിലിന്നേകനായ്
തേങ്ങിക്കരഞ്ഞിടും രാക്കിളിതൻ,
ഗാനങ്ങളെൻ ഹൃത്തിൽ ശ്രുതി ചേർത്ത വേളയിൽ
മാനസം സംഗീതസാന്ദ്രമായി..!
എതിർപാട്ട് പാടുവാൻ മോഹിച്ചുവെങ്കിലും
കതിർകാണാക്കിളിയായ് ഞാൻ മാറിയല്ലോ..!
മണ്‍ചെരാതൊന്നിന്റെ വെട്ടത്തിലാരുടെ
കാൽപെരുമാറ്റമീയിടനാഴിയിൽ..?
കുളിർകാറ്റായരികിൽ നീ വന്നതറിഞ്ഞില്ല
കുയിലിന്റെ പാട്ടിൽ ലയിച്ചിരിക്കെ...
രാക്കിളിപ്പാട്ടിനു തംബുരു മീട്ടുവാൻ
ചേക്കേറാം ഞാനുമാകൂട്ടിനുള്ളിൽ..!
ഹൃദയവിപഞ്ചിക തൊട്ടുതലോടവേ
രാഗ താളങ്ങളെ കോർത്തിണക്കി,
വാനമ്പാടിതൻ ഗാനോൽസവത്തിലെ
തേനൂറും പാട്ടായ് ഞാൻ വീണ്ടുമെത്തും...
ജനിമൃതിക്കിടയിലെയിടവേള തീരുമ്പോൾ
ഇനിയും നിന്നോർമ്മകൾ മാത്രം മതി..!

2014 മാർച്ച് 26, ബുധനാഴ്‌ച

Strange Thoughts



                           

             Weeping mind is an ocean of sorrows
             Who can save me from the land of chaos..?
             God Almighty and the Angels with golden wings
             May follow me with shadows of protection
             Deserts are sleeping with broken dreams
             Lightning with thunder flashes around the sky..
             Searching for a safe shelter to hide my face
             But my eyes are filled with full of tears.!
             Nightmare chased me to a hell and locked
             Can I break the chains of slavery at any time..?
             Weeping mind is an ocean of sorrows
             Who can save me from the land of chaos..?
           
             

2013 നവംബർ 4, തിങ്കളാഴ്‌ച

ഒരു തൂവൽസ്പർശമായ്...



പൂജക്കെടുക്കുവാൻ പറ്റാത്ത പൂവായി
തേജസ്വിനീ,നീ മാറിയതെങ്ങിനെ..?
നിന്മിഴിക്കോണിലെ കണ്ണുനീർതുള്ളിയാൽ
കണ്മഷിക്കൂട്ടും കലങ്ങിയ വേളയിൽ,
ആരെയോ കാത്തിരുന്നുമ്മറക്കോലായിൽ
തീരാത്ത നോവുകളുള്ളിലൊതുക്കി നീ..!
ആശതൻ പൂമരച്ചോട്ടിൽ നീ വന്നപ്പോൾ
വീശിയ കാറ്റിനോടെന്തോ പറഞ്ഞുവോ..?
പോയ ജന്മത്തിലെ മോഹങ്ങളൊക്കെയും
പൂവണിയാനിനിയെത്ര നാൾ കാക്കണം..!
ജാലകക്കീറിലൂടെത്തും വെളിച്ചത്തിൻ
നൂലുകൾ കൊണ്ടുനീ നെയ്യും കിനാവുകൾ
നാളെ നിൻ ജീവിതയാത്രയിലേക്കുള്ള
പാഥേയമായ് തീരാനേറെ കൊതിച്ചുവോ..?
ഒരു സ്വാന്തനത്തിന്റെ തൂവലാൽ തഴുകി നിൻ
കരയും മനസ്സിന്റെ നീറ്റലകറ്റിടാം..!

2013 നവംബർ 2, ശനിയാഴ്‌ച

ദീപമേ,തെളിയുമോ..?


ഒരു കൊച്ചു ലാന്തർ വിളക്കിൻ വെട്ടം കൊതിച്ചീ-
യിരുളിൻ തടവറയിലിനിയുമെത്ര നാൾ കഴിയണം..?
നീലാകാശച്ചെരുവിലന്നന്തിതന്നന്തിമ യാമങ്ങളിൽ
നക്ഷത്രങ്ങളെ താലോലിച്ച രാവുകളകന്നേ പോയ്‌..!
വഴിയിലെവിടെയോ കളഞ്ഞ വർണ്ണവളപ്പൊട്ടുകൾ
പഴയ പാഠപുസ്തകത്തിൽ മറന്ന മയിൽപീലിതുണ്ടുകൾ
എല്ലാം നഷ്ടസ്വപ്‌നങ്ങൾ തൻ ബാക്കിപത്രങ്ങൾ മാത്രം
ഇപ്പോഴും കൂട്ടായിരിക്കുന്നീയിരുളിൻ കൂടാരത്തിൽ..!
ഈ തമോമയഗർത്തത്തിൽ നിന്നും മോചനമാശിച്ചോരെൻ
ഈറനാം കണ്‍കളിലെ മിഴിനീർ തോർന്നീടുമോ..?
ഒരുനാൾ വരും...അന്ന് ഞാനീയിരുൾമുറിയിൽ  നിന്നും
തിരിതെളിയുമൊരു മണ്‍വിളക്കുമായ്‌ രാജവീഥിയിലെത്തും...

2013 ജൂൺ 27, വ്യാഴാഴ്‌ച

ഓർമ്മച്ചെപ്പ്


പുളിമരച്ചോട്ടിൽ കളിവീട് തീർത്ത് നാം
പുളകങ്ങൾ നെയ്തൊരാ ബാല്യകാലം...
ജീവിതസായാഹ്ന വേളയിലോർമ്മിപ്പൂ
വേവും മനസ്സിനിന്നാശ്വാസമായ്..!
നറുനിലാച്ചോലയിൽ മുങ്ങിക്കുളിക്കവേ,
നിറമാർന്ന സ്വപ്‌നങ്ങൾ പൂത്ത കാലം...
മൂവന്തിനേരത്ത് കൂടണയാൻ വേണ്ടി
പറവകൾ മാനത്ത് പാറിടുമ്പോൾ
അരിമുല്ല വിരിയുന്ന സൗരഭമെത്തവേ
പിരിയുകയായി നാമിരുവഴിയ്ക്കായ്..!
കാലം മനസ്സിന്റെ ഭിത്തിയിൽ കോറിയ
കോലങ്ങൾ മായാതെ നിന്നിടുമ്പോൾ,
ഓർമ്മതൻ ചെപ്പിലെ  മുത്തുകളോരോന്നും
ഒമനിക്കാം നമുക്കീവേളയിൽ..!