2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

രാക്കിളിപ്പാട്ട്


ഒരു മുല്ലപ്പൂവിന്റെ നറുമണം നുകരുവാൻ
വിരുന്നിനായെത്തിയ തെന്നലേ,നീ
സൗരഭമൊക്കെയുമെൻ പാനപാത്രത്തിൽ
കോരിയൊഴിക്കുവാൻ വന്നതല്ലേ..?
തേന്മാവിൻ കൊമ്പിലെ കൂട്ടിലിന്നേകനായ്
തേങ്ങിക്കരഞ്ഞിടും രാക്കിളിതൻ,
ഗാനങ്ങളെൻ ഹൃത്തിൽ ശ്രുതി ചേർത്ത വേളയിൽ
മാനസം സംഗീതസാന്ദ്രമായി..!
എതിർപാട്ട് പാടുവാൻ മോഹിച്ചുവെങ്കിലും
കതിർകാണാക്കിളിയായ് ഞാൻ മാറിയല്ലോ..!
മണ്‍ചെരാതൊന്നിന്റെ വെട്ടത്തിലാരുടെ
കാൽപെരുമാറ്റമീയിടനാഴിയിൽ..?
കുളിർകാറ്റായരികിൽ നീ വന്നതറിഞ്ഞില്ല
കുയിലിന്റെ പാട്ടിൽ ലയിച്ചിരിക്കെ...
രാക്കിളിപ്പാട്ടിനു തംബുരു മീട്ടുവാൻ
ചേക്കേറാം ഞാനുമാകൂട്ടിനുള്ളിൽ..!
ഹൃദയവിപഞ്ചിക തൊട്ടുതലോടവേ
രാഗ താളങ്ങളെ കോർത്തിണക്കി,
വാനമ്പാടിതൻ ഗാനോൽസവത്തിലെ
തേനൂറും പാട്ടായ് ഞാൻ വീണ്ടുമെത്തും...
ജനിമൃതിക്കിടയിലെയിടവേള തീരുമ്പോൾ
ഇനിയും നിന്നോർമ്മകൾ മാത്രം മതി..!

അഭിപ്രായങ്ങളൊന്നുമില്ല: