2009, മേയ് 10, ഞായറാഴ്‌ച

കണ്ണീരിന്‍റെ കവിത

കണ്ണുനീരിലെഴുതിയ ശോക
കാവ്യമിന്നു ചുരുള്‍ നിവര്‍ത്തട്ടെ
പാടിടുന്നതാണെന്‍ ദുഃഖ സത്യം
പാതിരാവിന്‍റെ കൂട്ടുകാര്‍ മാത്രം
മൂകതയെന്‍റെ വീണാ നിനാദം
ശോകമാണെന്‍റെ ജീവിത ഗാനം
കേള്‍ക്കയില്ലിതിന്നീരടി നിങ്ങള്‍
കേവു വഞ്ചിയില്‍ സഞ്ചരിക്കുമ്പോള്‍
അന്തി വന്നു മരിച്ച പകലി
ന്നന്തിമങ്ങളാം കര്‍മ്മങ്ങള്‍ ചെയ്കെ
ആറിനക്കരെ പൊന്തയിലെങ്ങോ
കൂരിരുട്ട് പുളച്ചു കളിയ്ക്കെ
ഞാനിരുന്നിടും കുന്നിന്‍ ചരിവില്‍
നീറുമായിരം ചിന്തകളോടെ..!
പച്ച മണ്ണിലിക്കാവ്യ ശില്‍പ്പം ഞാ
നുച്ച നേരക്കനലിലുരുക്കി
വേര്‍പ്പു നീരിന്‍ മരതക രത്ന
മര്‍ക്കരശ്മിയില്‍ രാകിയോരുക്കി
മാരിവില്ലിന്‍ കവിതയില്‍ നിന്നു
മീരടികള്‍ പകര്‍ത്തിയെടുത്ത്‌
വേദനകളില്‍ വേവിച്ചെടുത്ത
വേദമാണിതെന്‍ ജീവിത സത്യം..!
ചക്രവാളച്ചരിവിലൂടന്തി
എത്തിടുന്നിരുളെങ്ങും പരന്നു
എന്നുമോമന സ്വപ്നവുമായി
പൊന്നണിത്തേരിലേറി ഞാനെന്‍റെ
ഭൂതകാലമാം പാതയിലൂടെ
കാതമായിരം സഞ്ചരിക്കുമ്പോള്‍
കണ്ണുനീരില്‍ കുളിച്ച കിനാക്കള്‍
ഉമ്മ വെയ്ക്കുകയാണെന്നെ നിത്യം..!
വേദനകളില്‍ വേവിച്ചെടുത്ത
വേദമാണെന്‍ സനാതന സത്യം...

2009, മേയ് 6, ബുധനാഴ്‌ച

കണ്വാശ്രമമുറങ്ങുമ്പോള്‍

പൂനിലാവിന്‍ നുറുങ്ങുകളിന്നെന്‍
മേനിയാകെയുടുപ്പണിയിക്കെ,
ദുഃഖസാന്ദ്രമാം മാനസത്തില്‍ നി
ന്നിക്കവിതയൊന്നൂര്‍ത്തിടട്ടെ ഞാന്‍..!
കാതമായിരമങ്ങകലത്തില്‍
കാന്തനെന്‍ പ്രിയ തോഴനിരിക്കെ,
വേദനകളെന്‍ ചേതന വിങ്ങും
വേദനകള്‍ പകര്‍ത്തിടട്ടെ ഞാന്‍..!
വന്നില്ലിന്നുവരേയ്ക്കുമെന്‍ കാന്ത
നന്നു കാനനം വിട്ടതില്‍ പിന്നെ
ദേവനെന്നെ മറന്നുവോ വയ്യെന്‍
ജീവിതാശകള്‍ പൂവിടില്ലെന്നോ..?
സപ്തമല്ല ദിനങ്ങള്‍ പലതാ
യിത്തപോവന ചിത്തം തുടിയ്ക്കെ,
പൌരവന്‍ പരിവാരങ്ങളോടീ
കാനനത്തിണയുവാന്‍ വേഗം...
പൂനിലാവല ചിന്നുമീ രാവില്‍
ഞാനെന്നോര്‍മ്മതന്‍ കെട്ടഴിക്കട്ടെ
ഓടിയെത്തുന്നു രാജനോടോത്ത
ന്നോടിച്ചാടി നടന്ന ദിനങ്ങള്‍..!
എന്തിനേറെ ഞാനോരുന്നു ജീവല്‍
സ്പന്ദനങ്ങളിലെന്നും തുടിയ്ക്കും
സ്വര്‍ഗ്ഗീയങ്ങളാം നാളുകളെന്‍റെ
സ്വപ്നമായിരം പൂത്ത ദിനങ്ങള്‍
തോഴിമാരിന്നുറക്കം പിടിയ്ക്കെ
ഞാനെന്‍ ചിന്തയില്‍ ലീനയാവട്ടെ...
മാലിനിയല താളമുതിര്‍ക്കെ,
ഞാനെന്‍ വീണതന്‍ കമ്പി മുറുക്കാം
ദുഷ്ഷന്തന്‍ മമദേവനീ കാട്ടില്‍
വിശ്വകാന്തി ചൊരിയും വരേയ്ക്കും..!

2009, മേയ് 5, ചൊവ്വാഴ്ച

പരാതിക്കാരന്‍

പരാതിക്കരനാണോ താനെന്കിലിങ്ങിടത്തുവാ...
പറയൂ നിന്‍ പരാതികളെന്തെല്ലാം..?കേള്‍ക്കട്ടെ...
നീയൊരു സ്ഥിരം പരാതിക്കാരനെന്കിലെനിക്കൊന്നും കേള്‍ക്കണ്ട...
നിന്‍ പഴംപുരാണങ്ങള്‍ കേട്ടു തഴന്പിച്ചതെന്‍ കാതുകള്‍..!
ഭരണകര്‍ത്താവിനെ കുറിച്ചോ,ന്യായാധിപനെ പറ്റിയോ,
ഉറക്കം നടിയ്ക്കും നിയമപാലകരെ കുറിച്ചോ നിന്‍ പരാതികള്‍..?
എന്കിലവയെല്ലാം വിശദമായ്‌ പറയുക പരാതിക്കാരാ...
എത്രയും പെട്ടെന്ന് പരിഹാരം കാണാന്‍ ശ്രമിക്കാം നമുക്ക്‌
ആവലാതികളാക്ഷേപമായ് മാറുന്നുവോ നിന്‍ കണ്ണുകളില്‍
ജ്വലിയ്ക്കും തീക്കനലുകള്‍ ചുട്ടെരിക്കുമൊ ലോകം..?
ദൈന്യ ഭാവമോ,അതോ രൌദ്ര ഭാവമോ,നിന്‍ മുഖമുദ്ര..?
കാഴ്ചക്കപ്പുറം നില്‍ക്കും പരാതിക്കാരാ നീയിങ്ങടുത്തു വാ
എന്തെല്ലാം നിന്‍ പരാതികള്‍..? തെളിച്ചു പറയുക പിന്നൊരിയ്ക്കല്‍
എനിയ്ക്കല്‍പ്പം തിരക്കുണ്ടല്ലോ സുഹൃത്തെ, നമുക്കിനിയും കാണാം...

2009, മേയ് 3, ഞായറാഴ്‌ച

പിതാമഹന്‍

ഇവനെന്‍ പിതാമഹന്‍...
കാനനങ്ങളില്‍ മരംചാടി നടന്നവന്‍
പൈതൃകമായെന്തുണ്ടെനിക്കേകാന്‍..?
പറയുക കുരങ്ങച്ചാരെ...
കണ്ടു ഞാന്‍ വയനാട്ടിലെ മുത്തങ്ങയില്‍
പണ്ടൊരിക്കല്‍ പിക്നിക്കിനു പോയപ്പോള്‍
സൌഹൃദം ഭാവിച്ച് നീയെന്‍ മുന്നിലെത്തി
എന്തായിരുന്നു മനസ്സിലിരുപ്പ്..?
കുട്ടിക്കാലത്ത്‌ മേപ്പയ്യൂരങ്ങാടിയില്‍
കുറവന്റെ കയറിന്‍ തുമ്പില്‍
കുഞ്ചിരാമനായ് നീ ചാടിക്കളിച്ചതും
ഞാനിന്നുമോര്‍മ്മിക്കുന്നൂ
ഇന്നലെ കഴിഞ്ഞത് പോല്‍..!
അന്തപുരിയിലെ മൃഗശാലയില്‍
പരിചയം പുതുക്കി നാമോരിക്കല്‍ കൂടി...
പണ്ടത്തെ തൊപ്പിയുടെ കഥയിന്നും മറന്നിട്ടില്ല...
വാനര മുത്തപ്പാ, നീയപ്പം പങ്കുവെച്ചതിലെ കൌശലം
രാഷ്ട്രീയക്കാര്‍ക്കിന്നും മുതല്‍ക്കൂട്ടല്ലോ..!
മിഠായിത്തെരുവിലെ ഹനുമാന്‍കോവിലിനു മുന്നിലൂടെ
നടന്നു നീങ്ങുമ്പോള്‍ ഞാനോര്‍മ്മിക്കുന്നതും
നിന്റെ കറകളഞ്ഞ ശ്രീരാമഭക്തി...
വാനരപ്പടയുടെ അകമ്പടിയോടെ ലങ്ക പിടിച്ചടക്കിയ
ഭഗവാന്‍ കനിഞ്ഞു നല്കിയ അനുഗ്രഹാശിസ്സുകള്‍
എന്നുമെന്നും തണലായിരിക്കട്ടെ...
വീണ്ടും കണ്ടുമുട്ടുന്നത് വരെ വിട...
ജയ് ശ്രീരാം...ജയ്‌ ഹനുമാന്‍ ...