കണ്ണുനീരിലെഴുതിയ ശോക
കാവ്യമിന്നു ചുരുള്‍ നിവര്‍ത്തട്ടെ
പാടിടുന്നതാണെന്‍ ദുഃഖ സത്യം
പാതിരാവിന്‍റെ കൂട്ടുകാര്‍ മാത്രം
മൂകതയെന്‍റെ വീണാ നിനാദം
ശോകമാണെന്‍റെ ജീവിത ഗാനം
കേള്‍ക്കയില്ലിതിന്നീരടി നിങ്ങള്‍
കേവു വഞ്ചിയില്‍ സഞ്ചരിക്കുമ്പോള്‍ 
അന്തി വന്നു മരിച്ച പകലി 
ന്നന്തിമങ്ങളാം കര്‍മ്മങ്ങള്‍ ചെയ്കെ 
ആറിനക്കരെ പൊന്തയിലെങ്ങോ
കൂരിരുട്ട് പുളച്ചു കളിയ്ക്കെ 
ഞാനിരുന്നിടും കുന്നിന്‍ ചരിവില്‍ 
നീറുമായിരം ചിന്തകളോടെ..!
പച്ച മണ്ണിലിക്കാവ്യ ശില്‍പ്പം ഞാ 
നുച്ച നേരക്കനലിലുരുക്കി 
വേര്‍പ്പു നീരിന്‍ മരതക രത്ന 
മര്‍ക്കരശ്മിയില്‍ രാകിയോരുക്കി 
മാരിവില്ലിന്‍ കവിതയില്‍ നിന്നു 
മീരടികള്‍ പകര്‍ത്തിയെടുത്ത് 
വേദനകളില്‍ വേവിച്ചെടുത്ത 
വേദമാണിതെന്‍ ജീവിത സത്യം..!
ചക്രവാളച്ചരിവിലൂടന്തി
എത്തിടുന്നിരുളെങ്ങും പരന്നു 
എന്നുമോമന സ്വപ്നവുമായി 
പൊന്നണിത്തേരിലേറി ഞാനെന്‍റെ
ഭൂതകാലമാം പാതയിലൂടെ 
കാതമായിരം സഞ്ചരിക്കുമ്പോള്‍ 
കണ്ണുനീരില്‍ കുളിച്ച കിനാക്കള്‍ 
ഉമ്മ വെയ്ക്കുകയാണെന്നെ നിത്യം..!
വേദനകളില്‍ വേവിച്ചെടുത്ത 
വേദമാണെന്‍ സനാതന സത്യം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ