ചാറ്റല്‍മഴ പെയ്യുമൊരു മൂവന്തി നേരം
മുറ്റത്ത് കുട്ടികളോടിക്കളിക്കവേ,
ഉമ്മറക്കോലായിലൊറ്റക്കിരിന്നു ഞാന്‍
ഓര്‍ത്തു പോവുന്നെന്‍റെ ബാല്യകാലത്തെയും..!
പനിനീര്‍ തളിച്ചിടും മഴയിലെന്‍ മേലാകെ
നനയവേ കുസൃതികള്‍ കാണിച്ച നാളുകള്‍
ചേമ്പിലക്കുട ചൂടി കടലാസ് തോണികള്‍
തോട്ടിലൊഴുക്കി കളിച്ചതോര്‍മ്മിക്കവേ,
ഇന്നലെയാണെന്ന തോന്നലുണ്ടാവുന്നു
പിന്നിട്ടു പോയിട്ടുമെത്രയോ വര്‍ഷങ്ങള്‍..!
കൂട്ടുകാരൊത്തന്ന് പാടവരമ്പത്ത്
മാനത്തുകണ്ണിയെ നോക്കി നടന്നതും,
ഓര്‍മ്മതന്‍ പെരുമഴ പെയ്യും മനസ്സിലെ
കുളിരായി മാറുന്നതിപ്പോഴും ചിന്തയില്‍..!
കളിക്കൂട്ടുകാരിയ്ക്ക് നല്‍കുവാന്‍ പുസ്തക
താളിലൊളിപ്പിച്ച മയില്‍പ്പീലി തുണ്ടുകള്‍
വര്‍ണ്ണവളപ്പൊട്ടുകള്‍,മഴവില്ലുകള്‍ പിന്നെ
സ്വര്‍ണ്ണച്ചരടില്‍ കൊരുത്ത സ്വപ്നങ്ങളും
എല്ലാം തെളിഞ്ഞു കാണുന്നിതെന്നോര്‍മ്മയില്‍
എന്നുമീ മുത്തുകള്‍ ചെപ്പിലുണ്ടാവണം..!
1 അഭിപ്രായം:
നന്നായിട്ടുണ്ട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ