നെടുവീര്‍പ്പുകളെന്‍ ചുടു നിശ്വാസങ്ങള്‍
കൊടുങ്കാറ്റായ് മാറി താണ്ടവമാടവേ,
കടപുഴകി വീഴുമൊരു തണല്‍ മരം തേടി
കൂടണയാതെയാകിളികള്‍ പറന്നുപോയ്!
ഏതോ നിയോഗം പോല്‍ വന്നതാണിവിടെ
ചേതോഹരമാം ആരാമ വീഥിയില്‍...
കണ്ടുമുട്ടി നാം പ്രിയ സഖീ ജീവിതം
ചെണ്ടുകള്‍ തുന്നിയ പട്ടമായ് മാറിയോ?
മായാമരീചിക കണ്ടു മയങ്ങിയ
മാനസമെന്തിനോ തേങ്ങിക്കരഞ്ഞുവോ?
ഇവിടെയെന്‍ സ്വപ്നകൂടാരങ്ങളൊക്കെയും
ഈറന്‍ നിലാവിലലിഞ്ഞുപോയോമലേ...
ഇടമുറിയാതെ പെയ്യുമീ മഴയത്ത്
വിട പറയാന്‍ പോലുമാവില്ലയോര്‍ക്കുക
ചുണ്ടുകളെന്തോ പറയാന്‍ വിതുമ്പിയോ?
വീണ്ടുമൊരിക്കല്‍ നാം കണ്ടുമുട്ടീടുമോ?
എങ്കിലെന്‍ ഹൃത്തിലെ പൂവാടിയില്‍ പൂത്ത
ചെണ്ടുമല്ലിപ്പൂക്കള്‍ ചൂടിക്കും നിന്നെ ഞാന്‍...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ