2012, നവംബർ 17, ശനിയാഴ്‌ച

പവിഴമാല


വേദന വിങ്ങിക്കരഞ്ഞിടുമെന്‍
ഹൃദയാന്തരാളത്തില്‍ നിന്ന്‍ പൊങ്ങും
കവിതാശകലങ്ങളാണിതൊക്കെ
കരയും കിനാവുകളാണിതൊക്കെ..!
നാളുകളേറെയായ് നാദമോലും
നാളം തിരഞ്ഞു നടന്നിടുന്നു...
ഇന്നേവരേക്കും ഞാന്‍ കണ്ടതില്ല
മന്നിലെന്‍ ദേവിയണഞ്ഞതില്ല..!
ചന്ദനത്തെന്നലിന്‍ തോളിലേറി 
ചക്രവാളത്തിന്‍ പടവുകേറി
ആയിരമാശകള്‍  പൂവിടുമ്പോള്‍
ആത്മാവിലാത്മാവലിഞ്ഞിടുമ്പോള്‍
ഓണമണയുമ്പോള്‍ കാട്ടുമുല്ല
നാണം കുണുങ്ങിച്ചിരിച്ചിടുമ്പോള്‍
ഓമലെ,നിന്നെ ഞാന്‍ കാത്തിരുന്നു
താമരപ്പൊയ്കക്കടവുകല്ലില്‍..!
ചെമ്പവിഴങ്ങളും മുത്തുകളു
മെമ്പാടും കോര്‍ത്തൊരു മാല കെട്ടി
നിന്‍ കഴുത്തിങ്കലണിയിക്കുവാന്‍ 
എന്കരളേറെ കൊതിച്ചിരുന്നു...
പാലൊളിതൂകുമാ ചന്ദ്രലേഖ
നീലവാനിങ്കലണഞ്ഞിടുമ്പോള്‍ 
കാര്‍മുകില്‍ തുണ്ടുകളോടിവന്നി
ട്ടാമുഖം പൊത്തിക്കളിച്ചിടുമ്പോള്‍
കാത്തിരിക്കാറുണ്ടെന്‍ ദേവതിക്കീ
മുത്തണിമാലയൊന്നേകുവാനായ്..!
എത്രയോ പൊന്നിന്‍ കിനാവുകള്‍ തന്‍ 
ചിത്രങ്ങളെത്ര വരച്ചു മായ്ച്ചു..!
പൊട്ടിച്ചിരിച്ചാര്‍ത്തു പാഞ്ഞിടുമീ
കാട്ടാറിന്നക്കരെപച്ചയിങ്കല്‍
വന്നതില്ലെന്നോമല്‍ ദേവത നീ
യെന്നുപഹാരത്തെ സ്വീകരിക്കാന്‍..!

(1963 മേയ് മാസത്തിലെ ഒരു ലക്കം ചന്ദ്രിക
ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചത്)



അഭിപ്രായങ്ങളൊന്നുമില്ല: