2012, നവംബർ 16, വെള്ളിയാഴ്‌ച

വെള്ളാമ്പലുകള്‍



അന്തിതന്‍ സന്ദേശമോതുവാനായന്നെ
ന്നന്തികെ മന്ദാനിലന്‍ വന്നണയവേ,
ചക്രവാളത്തിന്റെ നെറ്റിത്തടത്തില്‍നി
നിന്നുറ്റിറ്റി വീഴുന്ന രക്തബിന്ദുക്കളാല്‍
ചെന്നിറമോലുമായാ റ്റിന്‍ കരയിലെ
കന്നിവയലിന്റെയോരത്ത് കൂടി ഞാന്‍
മൂകനായേകാന്തചിന്തയുമായി നീ
ലാകാശ ഭംഗി നുകര്‍ന്ന് നടക്കവേ,
പാടത്തിനക്കരെ മന്ദമൊഴുകുമാ
ത്തോടിനു തൊട്ട തൊടുകുറി പോലവേ
വെള്ളാമ്പലുകള്‍ തലകാട്ടി നില്‍ക്കയായ്
വെള്ളിമേഘങ്ങളാ നീലംബരത്തിലും..!
എത്തിയാ തോടിന്നിരുകര തന്നിലെ
ആറ്റുവഞ്ഞിക്കാട്ടിലൂടെയാ ബാലകര്‍
(മണ്ണിന്റെ മക്കളാണാ ബാലസംഘത്തി
ലംഗങ്ങളായുള്ള കുഗ്രാമബാലകര്‍..!)
കൈക്കുമ്പിളേന്തിയിട്ടാമ്പലിറുക്കുവാനി
ക്കുളം തന്നിലണഞ്ഞവരാണവര്‍...
എന്തിനിപ്പോവുകളെന്നു ചോദിച്ചു പോ
യന്തികത്തെത്തവേയാകാംക്ഷയോടെ ഞാന്‍..
കുട്ടികളീവിധമോതി "" ആ പൂക്കള്‍ തന്‍
മൊട്ടുകള്‍ തിന്നുവാനേറ്റം വിശേഷമാം''
ആമ്പല്‍ക്കുളത്തിലിറങ്ങിയാ കുട്ടികള്‍
ആമ്പലിന്‍ മൊട്ട് പിഴുതെടുത്തീടവേ,
അംബരമച്ചിലിരുന്നുകണ്ണീരുമായ്
അമ്പിളി മണ്ണിനെ നോക്കിനാന്‍ മൂകനായ്‌..!

(മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍
1962 ലെ ഒരു ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)


അഭിപ്രായങ്ങളൊന്നുമില്ല: