2012, നവംബർ 13, ചൊവ്വാഴ്ച

കൈരളിപ്പൂങ്കാവില്‍


കൈരളിതന്‍ പൂങ്കാവില്‍  ഞാനൊരു
കരിവണ്ടായി ജനിച്ചെന്നാല്‍
വള്ളത്തോളിന്‍ മഞ്ജരി തോറും
തുള്ളിപ്പാറി നടക്കും ഞാന്‍..!
തുഞ്ചന്‍ തന്നുടെ ശാരികയോതും
പഞ്ചാരത്തേനൊഴുകീടും
മലയാളത്തിന്‍ മലര്‍വാടികയില്‍
മധുവും തേടി നടക്കും ഞാന്‍..!
വീണുകിടക്കും പൂവിനെ നോക്കി 
കേണിടുമാശാന്‍ കവിതകളില്‍
വിഹരിക്കും ഞാനെന്നും ദിവ്യ
സ്നേഹമുതിര്‍ക്കും കവിതകളില്‍..!
കരളിന്‍ ഗീതമുതിര്‍ത്തെന്‍  നാടിന്‍
കരയും ഹൃദയവിപഞ്ചികതന്‍
കമ്പികള്‍ മീട്ടിയ ചങ്ങമ്പുഴയുടെ
കലയിലലിഞ്ഞു മയങ്ങും ഞാന്‍..!
കൈരളിതന്‍ പൂങ്കാവില്‍ ഞാനൊരു
കരിവണ്ടായി ജനിച്ചെന്നാല്‍
'ജീ'യുടെ നൂതന പാതയിലൂടെ
പാറിനടന്നു രസിക്കും ഞാന്‍..! 

(ദേശാഭിമാനി പ്രതിവാരപ്പതിപ്പ്
1961  ഡിസംബര്‍ 31)

അഭിപ്രായങ്ങളൊന്നുമില്ല: