2012, നവംബർ 19, തിങ്കളാഴ്‌ച

കരളിന്‍ കതക് തുറക്കൂ..!


വേദനയുടെയെരിതീനാളത്തില്‍
വേവും ഹൃദയ തലത്തില്‍
കടന്നുവന്നവള്‍ നീയെന്‍ കരയും
കരളിന്‍ കതക് തുറക്കൂ..!
മണിയറ തന്നില്‍ മണിമഞ്ചത്തില്‍
മയങ്ങിടും മമ ഹൃത്തില്‍
മധുവൂറും നിന്‍ ചഷകമൊരുക്കിയ
സുധ നീ പകരുകയില്ലേ..?
കനകനിലാവിന്നോളങ്ങളിലൂ
ടനുരാഗത്തിന്‍ തോണി
ചന്ദനസുരഭില മന്ദാനിലനില്‍
സുന്ദരസ്വപ്നക്കടവില്‍
അണയാനെന്നും കുതിച്ചിടുമ്പോള്‍
അരളി പൂക്കള്‍ തുടിയ്ക്കേ
ചുകന്ന തെക്കന്‍ വിണ്‍ചരിവില്‍നി
ന്നകലുമൊരന്തിത്താരം..!
വിറയ്ക്കയാണെന്‍  കരളിന്‍നൊമ്പര
മറിഞ്ഞിടും പൊല്‍ത്താരം.!!
ഏദനിലന്നു പിറന്നു യുഗങ്ങള്‍
വേദന തിന്നു വളര്‍ന്നു...
മാലിനി തീരത്തോടി നടന്നു
മജുനുവിലന്നു പുലര്‍ന്നു...
സ്ന്ഹമതാണവളീമരുഭൂവിന്‍
ദാഹം തീര്‍ക്കാന്‍ വന്നു..!
വേദന കൊണ്ട് പിടയ്ക്കും മാമക
ഹൃദയത്തിന്‍ ചുടുനീരില്‍
കനത്തുറഞ്ഞോരോര്‍മ്മകള്‍തന്നുടെ
കദനക്കടലിന്‍ കരയില്‍
കരഞ്ഞിരിക്കും ഹൃദയ സഖീയെന്‍
കരളിന്‍ കതകു തുറക്കൂ..!

(1964 മെയ് മാസത്തിലെ ഒരു ലക്കം
ചന്ദ്രിക ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചത്)


അഭിപ്രായങ്ങളൊന്നുമില്ല: