2012, നവംബർ 20, ചൊവ്വാഴ്ച

വെള്ളിലപ്പൂക്കള്‍




വെള്ളിലപ്പൂക്കളെ മണ്ണിന്‍ കിനാക്കളെ
വള്ളിക്കുടില്‍കള്‍തന്‍ മങ്കമാരെ,
വെണ്ണിലാച്ചോലയില്‍ മുങ്ങിക്കുളിക്കുവാന്‍
പെണ്ണുങ്ങളെ,നിങ്ങള്‍ പോന്നിടാമോ..?
നിങ്ങള്‍ക്കുടുക്കുവാനാവണിചന്ദ്രിക
നെയ്തൊരാ പട്ടുടയാട കണ്ടോ..?
നിങ്ങള്‍ക്കണിയുവാന്‍ താരകുമാരികള്‍
ഭംഗിയില്‍ കോര്‍ത്തൊരാ മാല കണ്ടോ..?
വിണ്ണിലെ ചോലയിലാറാടുമായിരം
അപ്സരകന്യകളെന്നുമെന്നും
വെള്ളിലപ്പൂക്കളെ,നിങ്ങള്‍തന്‍ ഭംഗിക
ണ്ടുല്ലസിച്ചീടും കഥകള്‍ കേട്ടോ..?
രാവിന്റെ മൂകമാം  വീണയിലെന്‍കരള്‍
രാഗസംഗീതം മുഴക്കിടുമ്പോള്‍,
പോരിക നിങ്ങളെന്‍ വെള്ളിലപ്പൂക്കളെ,
പൊന്നിന്‍കിനാക്കളെ പൂനിലാവില്‍
നീന്തിക്കുളിക്കുളിക്കുവാന്‍ മാലാഖമാര്‍ തരും
സിന്ദൂരമെന്നും ചാര്‍ത്തിടുവാന്‍ ..!
ചക്രവാളത്തിന്റെ കല്‍പ്പടവിങ്കലാ
യിത്തിരി നേരമിരുന്നിടാമോ..?
മാരിവില്‍ മാഞ്ഞിടും മാനത്തിലായിര
മാതിരാത്താരകള്‍ മിന്നിടുമ്പോള്‍,
വെള്ളിലപ്പൂക്കളെ,മണ്ണിന്‍ കിനാക്കളെ
വള്ളിക്കുടിലിന്റെ റാണിമാരെ,
വെണ്ണിലാചോലയില്‍ നീന്തിത്തുടിക്കുവാന്‍
പെണ്ണുങ്ങളെ,നിങ്ങള്‍ പോന്നിടാമോ..?

(1965 ല്‍  മാതൃഭൂമി ആഴ്ചപതിപ്പിന്റെ
ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചത്)



അഭിപ്രായങ്ങളൊന്നുമില്ല: