2012, നവംബർ 21, ബുധനാഴ്‌ച

കണ്ണീര്‍മുത്തുകള്‍


ഓര്‍മ്മയിലെന്‍ ജീവനിലൊഴുകും ചൈതന്യത്തിന്‍
കര്‍മ്മഭൂമിയില്‍ പിറന്നന്നു നീ നൃത്തം വയ്ക്കേ,
കരയാനല്ലെന്‍ മനസ്സാശിച്ചതടങ്ങാത്തോ
രിരവിന്‍ കണ്ണീരല്ലെന്നോമലെ , കൊതിച്ചു ഞാന്‍..!
പൂത്തിലഞ്ഞികള്‍ പൂത്ത കദളിക്കാവിന്‍ ചാര
ത്തിത്തിരി പ്പൂക്കള്‍ നിന്ന് പുഞ്ചിരിക്കൊള്ളുന്നേരം,
മുന്തിരിച്ചാറും പുത്തന്‍ പാനപാത്രവും കയ്യി
ലേന്തിനീയണയുമ്പോളായിരം കിനാക്കളില്‍ 
പൂവണിഞ്ഞതാണേറെ കനകപ്രതീക്ഷകള്‍
ജീവിതവസന്തത്തില്‍ ചൂടുവാനൊരുദിനം..!
നാളുകള്‍ കഴിഞ്ഞുപോയ് പലതും കിനാവുപോ
ലൊളിച്ചു ഹൃദയത്തില്‍ പച്ചയായിന്നും നില്‍പ്പൂ,
നിന്മൃദുഹാസങ്ങളും കാല്‍ചിലമ്പൊലികളും
തംബുരു മീട്ടും വീണാനാദവുമെന്നോര്‍മ്മയില്‍..!
ഒരു പൂക്കൊഴിഞ്ഞാലെന്‍ ഹൃദയം നോവും നിന്നി
ലുരുകും കരളിന്റെ  മുരളീരവങ്ങളില്‍
കേള്‍ക്കുവാനശക്തനാണോമലെയെന്നോര്‍മ്മയില്‍
നാള്‍ക്കുനാളുയരുന്ന നെടുവീര്‍പ്പുകള്‍ വീണ്ടും..!
ഇന്നലെ കിനാവിലെന്‍ മുന്നില്‍ വന്നണഞ്ഞു നീ
ചിന്നിയ പൂപ്പുഞ്ചിരി കണ്ടുഞാനുറങ്ങവേ,
എന്തിനെന്‍ ചാരത്തെത്തി കിന്നാരം പറയുവാ
നെന്തിനെന്‍ തോളില്‍ത്തട്ടി കടക്കണ്ണെറിഞ്ഞു നീ..?
ഓര്‍മ്മതന്‍  (മരവിച്ചോരോര്‍മ്മതന്‍) വാതില്‍ക്കല്‍ നീ
വന്നതിതിടുക്കത്തില്‍ മുട്ടിയതെന്തേ സഖീ..?
നിന്മിഴിക്കോണില്‍ തങ്ങും നീര്‍മണിമുത്തില്‍ തട്ടി
ചിന്നിടും പ്രകാശത്തില്‍ ഞാനലിഞ്ഞില്ലാതാവും..!
അന്നു നീ മുന്നില്‍ വന്നു നിന്നിടും നേരത്തെന്നും
പൊന്നുഷസ്സണയും മല്‍ചിത്തവും മിഴികളും..!
പാദപങ്കജങ്ങളില്‍ കാല്‍ചിലങ്കകള്‍ കെട്ടി
പാതിയും തുറക്കാത്ത കണ്‍കളില്‍ കിനാവുമായ് ...
ഹൃദയം ഹൃദയത്തിലലിയും താളത്തില്‍ നീ
മൃദുലാംഗങ്ങള്‍ ചലിപ്പിച്ചന്നേറെ നൃത്തം വയ്ക്കേ,
തപ്തമാം ഹൃദയത്തിന്‍ മരുപ്പച്ചയില്‍ പിറ
ന്നത്ഭുതചിത്രം വരച്ചന്നു നീ മറഞ്ഞപ്പോള്‍,
ഒന്നുമില്ലെനിക്കേകാന്‍ കരളിന്‍ കുടീരത്തില്‍
ഓര്‍മ്മകള്‍ കൊരുത്തൊരീ പൂമലര്‍ച്ചെണ്ടല്ലാതെ..!

(1966 ഡിസംബറില്‍ ചന്ദ്രിക ആഴ്ചപതിപ്പില്‍
പ്രസിദ്ധീകരിച്ച കവിതയില്‍ ചെറിയ മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ട്)



അഭിപ്രായങ്ങളൊന്നുമില്ല: