2012, നവംബർ 15, വ്യാഴാഴ്‌ച

പൂക്കാലം


മന്നിടമെങ്ങും തൂമണമേകാന്‍
വന്നുപിറന്നു പൂക്കാലം...
നീലക്കാടുകള്‍ പച്ചക്കുന്നുകള്‍
നീളെ പൂക്കളുണര്‍ന്നല്ലോ..!
മഴവില്ലേകിയ ചന്തം ചിന്നിടു
മഴകില്‍ താമര വിരിയുന്നു...
മഞ്ഞിന്‍ തൊപ്പിയണിഞ്ഞ മുരിക്കിന്‍
കുഞ്ഞിക്കൈകള്‍ ചുവന്നല്ലോ..!
വണ്ടുകളിണ്ടല്‍  കൂടാതെങ്ങും
തെണ്ടുകയായ് പൂച്ചെണ്ടുകളില്‍
പൂങ്കാവുകളില്‍ തേന്മാവുകളില്‍
പൂങ്കുയില്‍ ഗാനമുതിര്‍ക്കുന്നു...
അന്തി മയങ്ങും നേരം സുന്ദര
ഗന്ധമടിയ്ക്കും മുല്ലകളില്‍
നെടുവീര്‍പ്പിന്നല പെയ്യുകയായി
ചുടുകാറ്റോടി പുണരുമ്പോള്‍...
ചെമ്പനിനീരും ചെമ്പക മലരും
തുമ്പപ്പൂവും വിരിയുന്നു...
പൂമ്പാവാടയുടുത്ത് കുണുങ്ങും
തുമ്പികളാടിപ്പാറുന്നു...
മന്നിടമെങ്ങും പൂമണമേകാന്‍
വന്നുപിറന്നു പൂക്കാലം...
നീലക്കാടുകള്‍ പച്ചക്കുന്നുകള്‍
നീളെ പൂക്കളുര്‍ന്നല്ലോ..!

(1962 സെപ്തംബര്‍ 6 ലെ മാതൃഭൂമി
ആഴ്ചപതിപ്പിന്റെ ബാലപംക്തിയില്‍
പ്രസിദ്ധീകരിച്ചത്)



അഭിപ്രായങ്ങളൊന്നുമില്ല: